Home Localഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഗുരുതര വീഴ്ചകൾ; കൊയിലാണ്ടിയിലെ ഉസ്താദ് ഹോട്ടൽ അടച്ചുപൂട്ടി

ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഗുരുതര വീഴ്ചകൾ; കൊയിലാണ്ടിയിലെ ഉസ്താദ് ഹോട്ടൽ അടച്ചുപൂട്ടി

by news_desk1
0 comments

കോഴിക്കോട്: കൊയിലാണ്ടി നന്തിക്ക് സമീപം പ്രവർത്തിക്കുന്ന ഉസ്താദ് ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയെ തുടർന്ന് അടച്ചുപൂട്ടി. ഗുരുതരമായ ഭക്ഷ്യസുരക്ഷാ ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

പരിശോധനയിൽ ഓരോ ഭക്ഷ്യസ്ഥാപനവും നിർബന്ധമായും പാലിക്കേണ്ട ശുചിത്വ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. പാചകത്തിനും ഭക്ഷ്യസംസ്‌കരണത്തിനുമായി ഉപയോഗിച്ചിരുന്ന പാത്രങ്ങൾ സമയബന്ധിതമായി ശുചീകരിച്ചിരുന്നില്ലെന്നും, പാത്രം കഴുകുന്നതിനുള്ള മതിയായ സൗകര്യങ്ങൾ സ്ഥാപനത്തിൽ ഇല്ലായിരുന്നെന്നും പരിശോധനയിൽ വ്യക്തമായി.

കൂടാതെ, ഷവർമ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ പൊടിയും മറ്റ് മലിനീകരണങ്ങളും നേരിട്ട് പതിയാവുന്ന രീതിയിലായിരുന്നു തയ്യാറാക്കിയിരുന്നത്. പാചകസ്ഥലം അതീവ വൃത്തിഹീനമായ നിലയിലായിരുന്നുവെന്നും, ഈച്ചശല്യം രൂക്ഷമായിരുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുള്ള സിന്തറ്റിക് ഫുഡ് കളർ ഭക്ഷണത്തിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരെ നേരത്തെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ആ കേസുകൾ കോടതിയുടെ പരിഗണനയിൽ തുടരുന്നതിനിടെയാണ് വീണ്ടും ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയത്.

മുൻപ് നിയമനടപടികൾ സ്വീകരിച്ചിട്ടും സ്ഥാപനം വീണ്ടും സമാന രീതിയിൽ പ്രവർത്തനം തുടരുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോട്ടൽ അടച്ചുപൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകിയത്.

You may also like