മസ്കറ്റ്: ഒമാനിലെ റുസൈലിൽ നാലുവയസ്സുകാരിയായ മലയാളി ബാലിക കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് പ്രവാസ ലോകം. തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതിൽ പ്രദീപിന്റെയും ഭാര്യ ദിവ്യയുടെയും മകൾ ദക്ഷ പ്രദീപാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
അടുത്തിടെയാണ് ദിവ്യയും മകളും സന്ദർശന വിസയിൽ ഒമാനിലെത്തിയത്. കുടുംബത്തിന്റെ സന്തോഷം ഒരു നിമിഷത്തെ അശ്രദ്ധയിൽ തീരാനോവായി മാറുകയായിരുന്നു.
വൈഫൈ കണക്ഷനായി ജനലിലെ നെറ്റിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെയാണ് ദക്ഷ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണത്. സമീപത്തെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന പിതാവ് പ്രദീപിനെ കാണാനാണ് അമ്മയും മകളും ഒമാനിലെത്തിയത്.
ദക്ഷ ഉറങ്ങിക്കിടന്ന സമയത്ത് അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി പ്രദീപ് ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റിലേക്ക് പോയതായിരുന്നു അമ്മ ദിവ്യ. ഉറക്കമുണർന്നപ്പോൾ അമ്മയെ കാണാതായതിനെ തുടർന്ന് ജനലിലെ നെറ്റിന്റെ വിടവിലൂടെ പുറത്തേക്ക് നോക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.
വീട്ടിലെത്തിയ അമ്മ കുട്ടിയെ കാണാതെ തിരച്ചിൽ നടത്തിയപ്പോഴാണ് സമീപത്തെ കടയിലുള്ളവർ സംഭവം ശ്രദ്ധയിൽപ്പെടുത്തിയത്. ഉയരത്തിൽ നിന്ന് വീണതിനാൽ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടർന്ന് റോയൽ ഒമാൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അച്ഛനെ കാണാൻ ഏറെ സന്തോഷത്തോടെ ഒമാനിലെത്തിയ കുഞ്ഞ് ദക്ഷയുടെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

