തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കൽ, ശുചിത്വം, പൊതുസൗകര്യങ്ങൾ, കാന്റീൻ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ ഉയർത്തുന്നതിനായി എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി ഉത്തരവിറക്കി.
ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കരട് ബൈലോയും നിയമാവലിയും ഉൾപ്പെടുത്തിയ പ്രമേയം കെഎസ്ആർടിസി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു.
പ്രമേയം വിശദമായി പരിശോധിച്ച സർക്കാർ, കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറും നാമനിർദേശം ചെയ്യുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന നിബന്ധനയോടെയാണ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാനും നിയമാവലിക്ക് അംഗീകാരം നൽകാനും തീരുമാനിച്ചത്.
പ്രാദേശിക എംഎൽഎ അധ്യക്ഷനായിരിക്കും കമ്മിറ്റി. പ്രാദേശിക ലോക്സഭാംഗമോ അദ്ദേഹത്തിന്റെ രേഖാമൂലമുള്ള പ്രതിനിധിയോ, ഡിപ്പോ സ്ഥിതിചെയ്യുന്ന തദ്ദേശസ്ഥാപനത്തിന്റെ അധ്യക്ഷൻ, ബന്ധപ്പെട്ട വാർഡ് അംഗം, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറും നാമനിർദേശം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ എന്നിവരും കമ്മിറ്റിയിലെ അംഗങ്ങളായിരിക്കും.
എംഎൽഎയുടെ അഭാവത്തിൽ തദ്ദേശസ്ഥാപന അധ്യക്ഷൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. യൂണിറ്റ് ഓഫീസറായിരിക്കും കമ്മിറ്റി കൺവീനർ.
ഫണ്ട് കൈകാര്യം ചെയ്യുന്നതിനായി ഷെഡ്യൂൾ ബാങ്കിൽ കൺവീനറുടെയും ചെയർമാനും മാനേജിംഗ് ഡയറക്ടറും ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയും സംയുക്ത പേരിൽ അക്കൗണ്ട് തുറക്കും. പണമായോ ഫർണിച്ചർ ഉൾപ്പെടെയുള്ള വസ്തുക്കളായോ പൊതുജന സംഭാവനകൾ, സ്പോൺസർഷിപ്പ്, സി.എസ്.ആർ. ഫണ്ടുകൾ എന്നിവ സ്വീകരിക്കും. കോർപ്പറേഷൻ അനുവദിക്കുന്ന പരിധിക്കുള്ളിൽ നിർമ്മാണ-അറ്റകുറ്റപ്പണികളും കമ്മിറ്റി ഏറ്റെടുക്കും. വരവ്-ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിച്ച് ഓഡിറ്റ് നടത്തി കമ്മിറ്റിക്ക് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
കമ്മിറ്റി കുറഞ്ഞത് മൂന്ന് മാസത്തിലൊരിക്കലെങ്കിലും യോഗം ചേരും. ഡിപ്പോകളുടെ സമഗ്ര വികസനത്തിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുകയും യാത്രക്കാരുടെ ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി പരിഗണിക്കുകയും ചെയ്യുക എന്നതാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.
ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റിയിലൂടെ ഡിപ്പോകളുടെ ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ശുചിമുറികൾ, കുടിവെള്ള സൗകര്യങ്ങൾ, യാത്രക്കാർക്ക് ആവശ്യമായ മറ്റ് സൗകര്യങ്ങൾ, കാന്റീൻ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും.
കൂടാതെ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, വ്യാപാര സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണം ഉറപ്പാക്കി ഡിപ്പോ വികസനത്തിന് പുതിയ മാതൃക സൃഷ്ടിക്കാനും കമ്മിറ്റി ലക്ഷ്യമിടുന്നു.
സ്പോൺസർഷിപ്പ്, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതികൾ, പൊതുജന സംഭാവനകൾ, മറ്റ് നിയമാനുസൃത ധനസമാഹരണ മാർഗങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി ഡിപ്പോകളുടെ വികസനത്തിനാവശ്യമായ അധിക വിഭവങ്ങൾ സമാഹരിക്കാനും കമ്മിറ്റി പ്രവർത്തിക്കും. ഇതിലൂടെ സർക്കാർ ഫണ്ടുകൾക്ക് പുറമെ സമൂഹത്തിന്റെ പിന്തുണയും വികസന പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കും.
ഡിപ്പോ അടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയും കാര്യക്ഷമതയും കൈവരിക്കുന്നതിനൊപ്പം യാത്രക്കാർക്ക് മികച്ച സേവനാനുഭവം ഉറപ്പാക്കാനും കെഎസ്ആർടിസിയും പൊതുസമൂഹവും തമ്മിലുള്ള സഹകരണ ബന്ധം ശക്തിപ്പെടുത്താനും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികളുടെ രൂപീകരണം നിർണായക ചുവടുവയ്പ്പാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു.

