കൊച്ചി: ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ ജനങ്ങൾ ഏറ്റെടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏകദേശം 70 കോടി രൂപയുടെ മയക്കുമരുന്നാണ് ഇതിനകം പൊലീസ് പിടികൂടിയതെന്നും, അന്താരാഷ്ട്ര മാഫിയകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ താൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ ബോധവൽക്കരണ ക്യാമ്പെയ്നായ തൂഫാൻ ജാഗരൺ ഇന്ന് പെരുമ്പാവൂരിൽ ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പെരുമ്പാവൂരിലെ മയക്കുമരുന്ന് വ്യാപനം കണ്ടപ്പോൾ ഞെട്ടിയെന്നും, അവിടം മയക്കുമരുന്ന് മുക്തമാക്കാൻ ശക്തമായ ബോധവൽക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും, കേരളമൊട്ടാകെ ഓപ്പറേഷൻ തൂഫാൻ ശക്തമായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ഏകദേശം 70 കോടി രൂപയുടെ മയക്കുമരുന്നാണ് പൊലീസ് പിടികൂടിയത്. എന്റെ കയ്യിൽ നിന്നൊക്കെ അത് പറന്നുപോയി. ജനം ഏറ്റെടുത്തിരിക്കുകയാണ്. അവരാണ് യഥാർത്ഥ വാരിയേഴ്സ്. അതാണ് ഈ ദൗത്യത്തിന്റെ വിജയം,” രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ ലഹരിയുടെ വേരറുക്കുകയാണ് ലക്ഷ്യമെന്നും, ലഹരി ഉപയോഗിക്കുന്നവർക്ക് ചികിത്സയും പുനരധിവാസവും നൽകാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളിൽ അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, ലഹരി ഉപയോഗിക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികൾ നടപ്പിലാക്കുകയാണെന്നും വ്യക്തമാക്കി.
ഭായ് കോളനിയിൽ പോയി അതിഥി തൊഴിലാളികളുമായി സംസാരിക്കുമെന്നും, അവർ കേരളീയരെപ്പോലെ തന്നെയാണ് ഇവിടെ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിനെ പഴയ പെരുമ്പാവൂരാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും, കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കാൻ ശ്രമിക്കുന്ന അന്താരാഷ്ട്ര മാഫിയകൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ എംഡിഎംഎ നിർമ്മിക്കുന്ന ലാബുകൾ വരെ പ്രവർത്തിക്കുന്നുവെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്നും, ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിക്കുന്നവരെ പൊലീസ് നിയമത്തിന് മുന്നിലെത്തിക്കുമെന്നും, ആരെയും ദ്രോഹിക്കാനല്ല ഈ നടപടികളെന്നും കുറ്റകൃത്യങ്ങൾക്കെതിരായ കർശന ഇടപെടലാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഞാൻ ഈ വിഷയത്തെ വൈകാരികമായാണ് കാണുന്നത്. ഞാനുമൊരു അച്ഛനാണ്. നമ്മുടെ കുഞ്ഞുങ്ങൾ അനാഥരാകരുത്. അവർ മികച്ച ജീവിതം നയിക്കണം. കോൺസ്റ്റബിൾ മുതൽ ഡി.ജി.പി വരെ കേരള പൊലീസിലെ എല്ലാവരും കഴിഞ്ഞ ഒരുമാസമായി നടത്തിയ പരിശ്രമം ചെറുതല്ല,” എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

