Home Top Storiesഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസ്; സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസ്; സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

by news_desk1
0 comments

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് ശരിവെച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. പൊതുതാൽപര്യ ഹർജിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

കേരള പൊലീസിനെ അപകീർത്തിപ്പെടുത്താനാണ് ഹർജിക്കാരന്റെ ആരോപണങ്ങളെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആക്രമണക്കേസിൽ ഇതുവരെ 25 പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, 44 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും മാധ്യമ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും ഡിഐജി കോടതിയെ അറിയിച്ചു.

ഇന്റലിജൻസ് വീഴ്ചയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇക്കഴിഞ്ഞ മെയ് 27-നാണ് ഇഡിയുടെ മിന്നൽ പരിശോധന നടന്നത്. വീണ പ്രതിയായ കേസിന്റെ ഭാഗമായി പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയുൾപ്പെടെ വിവിധ ഇടങ്ങളിലായിരുന്നു റെയ്ഡ്.

മകൾ പ്രതിയായ കേസിലൂടെ പിണറായി വിജയനെ ലക്ഷ്യമിടുകയാണെന്നായിരുന്നു സി.പി.ഐ.എം. ആരോപണം. രാവിലെ ആരംഭിച്ച റെയ്ഡ് എട്ട് മണിക്കൂറോളം നീണ്ടു. ഈ സമയമൊട്ടാകെ പിണറായി വിജയന്റെ വസതിക്ക് പുറത്ത് സി.പി.ഐ.എം. പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു.

റെയ്ഡ് പൂർത്തിയാക്കി ഇഡി ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. ആദ്യം മ്യൂസിയം പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു.

You may also like