ആധുനിക ജീവിതത്തിന്റെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്നാണ് ആരോഗ്യം തേടുന്ന മനുഷ്യൻ ആരോഗ്യത്തെ തന്നെ അപകടത്തിലാക്കുന്ന ശീലങ്ങൾക്ക് അടിമയാകുന്നത്. ജീവിതം കൂടുതൽ വേഗത്തിലായപ്പോൾ മനുഷ്യൻ തേടിയത് ഉന്മേഷമാണ്. എന്നാൽ ആ ഉന്മേഷം പ്രകൃതിയിൽ നിന്ന് അല്ല, ഫാക്ടറികളിൽ നിന്ന് കുപ്പികളിലാക്കി വിപണിയിലെത്തിക്കുന്ന രാസപാനീയങ്ങളിൽ നിന്നാണെന്നതാണ് ഇന്നത്തെ യാഥാർഥ്യം.
ഒരുകാലത്ത് ദാഹം തീർത്തത് ഇളനീരും സംഭാരവും നാരങ്ങാവെള്ളവും കരിക്കിൻവെള്ളവുമായിരുന്നു. അവ പ്രകൃതിയുടെ സമ്മാനങ്ങളായിരുന്നു. ഇന്ന് ആ സ്ഥാനം കയ്യടക്കിയത് ‘എനർജി’, ‘പവർ’, ‘ബൂസ്റ്റ്’, ‘ആക്ടീവ് ലൈഫ്’ തുടങ്ങിയ വാഗ്ദാനങ്ങൾ അച്ചടിച്ച വർണശബള കുപ്പികളാണ്. ദാഹം തീർക്കാനുള്ള പാനീയങ്ങൾ എന്ന നിലയിൽ നിന്ന് ജീവിതശൈലിയുടെ ഭാഗമായും സാമൂഹിക അന്തസ്സിന്റെ പ്രതീകമായും ഇവ മാറിക്കഴിഞ്ഞു. ഈ മാറ്റം സ്വാഭാവികമായി സംഭവിച്ചതല്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച പരസ്യങ്ങളും മനഃശാസ്ത്രത്തെ ലക്ഷ്യമിട്ട വിപണന തന്ത്രങ്ങളുമാണ് മനുഷ്യന്റെ ശീലങ്ങളെ മാറ്റിമറിച്ചത്. സിനിമാതാരങ്ങളും ക്രിക്കറ്റ് ഇതിഹാസങ്ങളും സോഷ്യൽ മീഡിയയിലെ സ്വാധീനികളും ചേർന്ന് ഈ പാനീയങ്ങളെ വിജയത്തിന്റെയും യുവത്വത്തിന്റെയും പ്രതീകമായി അവതരിപ്പിച്ചു. യഥാർഥത്തിൽ അവർ വിൽക്കുന്നത് ഒരു പാനീയം മാത്രമല്ല; ഒരു മായയാണ്. ഈ മായയ്ക്കു പിന്നിലെ യാഥാർഥ്യം ആശങ്കാജനകമാണ്. അമിതമായ കഫീൻ, ഉയർന്ന പഞ്ചസാരയുടെ അളവ്, വിവിധ രാസഘടകങ്ങൾ, കൃത്രിമ നിറങ്ങളും രുചികളും മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകമെമ്പാടും പഠനങ്ങൾ തുടരുകയാണ്. ഹൃദയമിടിപ്പിലെ വ്യതിയാനം മുതൽ രക്തസമ്മർദം, ഉറക്കക്കുറവ്, ഉത്കണ്ഠ, മാനസിക അസ്വസ്ഥത, പ്രമേഹം, അമിതവണ്ണം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ഇത്തരം പാനീയങ്ങളുടെ അമിത ഉപയോഗം ബന്ധിപ്പിക്കപ്പെടുന്നുണ്ട്. എന്നിട്ടും ഇവയെ ‘ആരോഗ്യത്തിന്റെ കൂട്ടുകാരൻ’ എന്ന രീതിയിൽ അവതരിപ്പിക്കുന്നത് വാണിജ്യത്തിന്റെ പേരിലുള്ള വഞ്ചനയാണ്. അടുത്തിടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രമുഖ എനർജി ഡ്രിങ്ക് കമ്പനികളായ റെഡ് ബുൾ, മോൺസ്റ്റർ തുടങ്ങിയവയ്ക്ക് നൽകിയ നോട്ടീസ് വെറും ഭരണനടപടിയായി കാണാൻ കഴിയില്ല. ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിർണായക ഇടപെടലാണത്. ഒരു ഉൽപ്പന്നത്തെക്കുറിച്ച് ഉന്നയിക്കുന്ന ഓരോ അവകാശവാദവും ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ട്. പരസ്യത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വ്യാപാരസ്വാതന്ത്ര്യമല്ല; അത് സാമൂഹിക കുറ്റമാണ്. ഇന്ത്യ ഇതാദ്യമായല്ല ഇത്തരമൊരു അനുഭവം നേരിടുന്നത്. ശീതളപാനീയങ്ങളിലെയും ന്യൂഡിൽസിലെയും ഗുണനിലവാര വിവാദങ്ങൾ രാജ്യം മറന്നിട്ടില്ല. അന്ന് കോടികൾ വാങ്ങി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട സെലിബ്രിറ്റികൾക്കെതിരെ കേസുകൾ വരെ രജിസ്റ്റർ ചെയ്യപ്പെട്ടു. ഉൽപ്പന്നത്തിന്റെ ഗുണനിലവാരം പരിശോധിക്കാതെ ജനങ്ങളുടെ വിശ്വാസം വിൽക്കുന്ന സമീപനത്തെ കോടതികൾ പോലും രൂക്ഷമായി വിമർശിച്ചു. എന്നിട്ടും ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുകയാണ്. ഇവിടെ കമ്പനികൾ മാത്രമല്ല, പരസ്യങ്ങളിൽ മുഖം നൽകുന്ന താരങ്ങളും ഉത്തരവാദികളാണ്. കോടികളുടെ പ്രതിഫലം വാങ്ങി ഒരു ഉൽപ്പന്നം ജനങ്ങൾക്ക് ശുപാർശ ചെയ്യുമ്പോൾ അതിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ധാർമിക ബാധ്യത അവർക്കുണ്ട്. ജനങ്ങളുടെ വിശ്വാസം പണമായി മാറ്റുന്ന ഈ സംസ്കാരത്തെ സമൂഹം ചോദ്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സർക്കാരിന്റെയും നിയന്ത്രണ ഏജൻസികളുടെയും ഉത്തരവാദിത്തവും അത്രത്തോളം വലുതാണ്. നോട്ടീസ് നൽകി ഫയൽ അടയ്ക്കുന്ന സമീപനം മതിയാകില്ല. തെറ്റായ ആരോഗ്യ അവകാശവാദങ്ങൾ ഉന്നയിക്കുന്ന കമ്പനികൾക്കെതിരെ വൻ പിഴയും ഉൽപ്പന്നങ്ങൾ പിൻവലിക്കലും ലൈസൻസ് റദ്ദാക്കലും ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്ന മാധ്യമങ്ങൾക്കും അതിന് മുഖം നൽകുന്ന സെലിബ്രിറ്റികൾക്കും വ്യക്തമായ നിയമബാധ്യത ഏർപ്പെടുത്തേണ്ട സമയമാണിത്. എന്നാൽ നിയമങ്ങൾ മാത്രം മതിയാകില്ല. ഏറ്റവും വലിയ ജാഗ്രത ഓരോ ഉപഭോക്താവിൽ നിന്നുമാണ് തുടങ്ങേണ്ടത്. പരസ്യങ്ങളിൽ കാണുന്ന ഉന്മേഷം യാഥാർഥ്യമല്ലെന്ന് തിരിച്ചറിയണം. കുപ്പിയിലടച്ച നിറമുള്ള പാനീയങ്ങളെക്കാൾ കരിക്കിൻവെള്ളത്തിനും ഇളനീർക്കും സംഭാരത്തിനും നമ്മുടെ ശരീരത്തെ സംരക്ഷിക്കാനുള്ള കരുത്ത് കൂടുതലാണെന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്തണം.
ആരോഗ്യം ഒരു കമ്പനിയുടെയും ബ്രാൻഡിന്റെയും പരസ്യവാചകത്തിന്റെയും കരുണയിൽ വിട്ടുകൊടുക്കാൻ കഴിയില്ല. മനുഷ്യന്റെ ദാഹവും ക്ഷീണവും ലാഭത്തിനുള്ള വിപണിയാക്കി മാറ്റുന്ന വ്യവസായ മനോഭാവത്തോട് ശക്തമായി ‘മതി’ എന്ന് പറയേണ്ട സമയമാണിത്.
ഉന്മേഷം വിൽക്കാം; പക്ഷേ, വിഷം വിറ്റഴിക്കാൻ ഒരു കമ്പനിക്കും അവകാശമില്ല. ജനങ്ങളുടെ ആരോഗ്യം വിപണിയിലെ മറ്റൊരു ഉൽപ്പന്നമല്ല. അതിനെ സംരക്ഷിക്കുന്നത് ഭരണകൂടത്തിന്റെയും നിയമത്തിന്റെയും സമൂഹത്തിന്റെയും ഓരോ മനുഷ്യന്റെയും അനിവാര്യമായ ഉത്തരവാദിത്തമാണ്.
4

