Home Keralaവയനാട് ഇരട്ടത്തുരങ്കപാതയുടെ ഭാവി എന്ത്? ദുരന്തത്തിന് പിന്നാലെ പദ്ധതി തുടരുമോ; സർക്കാരിന്റെ നിലപാട് നിർണായകം

വയനാട് ഇരട്ടത്തുരങ്കപാതയുടെ ഭാവി എന്ത്? ദുരന്തത്തിന് പിന്നാലെ പദ്ധതി തുടരുമോ; സർക്കാരിന്റെ നിലപാട് നിർണായകം

by news_desk1
0 comments

വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്തെ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നായ വയനാട് ഇരട്ടത്തുരങ്കപാതയുടെ ഭാവി വീണ്ടും ചർച്ചയാകുന്നു. മുൻ സർക്കാർ പ്രധാന നേട്ടമായി ഉയർത്തിക്കാട്ടിയ പദ്ധതിയുടെ തുടർനടപടികൾ ഇനി സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മുതൽ വയനാട്ടിലെ മേപ്പാടി വരെ ബന്ധിപ്പിക്കുന്ന ഇരട്ടത്തുരങ്കപാതയാണ് പദ്ധതി. കോഴിക്കോട് മറിപ്പുഴ മുതൽ വയനാട്ടിലെ മീനാക്ഷിപ്പാലം വരെ ഏകദേശം 8.73 കിലോമീറ്റർ നീളമുള്ള ഇരട്ട ട്യൂബ് തുരങ്കമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ട്യൂബിലും രണ്ട് വീതം ലെയിനുകളുള്ളതിനാൽ ആകെ നാല് ലെയിൻ ഗതാഗത സൗകര്യം ലഭ്യമാകും. പദ്ധതി പൂർത്തിയായാൽ കോഴിക്കോട്–വയനാട് യാത്രാസമയം ഏകദേശം ഒരു മണിക്കൂർ കുറയുമെന്നും താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും വിലയിരുത്തപ്പെടുന്നു. ടൂറിസത്തിനും ചരക്കുഗതാഗതത്തിനും പദ്ധതി ഗുണകരമാകുമെന്നാണ് പ്രതീക്ഷ. കൊങ്കൺ റെയിൽ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല വഹിക്കുന്നത്. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽ കോർപ്പറേഷൻ എന്നിവയുടെ ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി മുന്നോട്ടുപോകുന്നത്.

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന കർശന നിബന്ധനകളോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 2,134 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിക്കായി 33 ഹെക്ടർ ഭൂമി ഏറ്റെടുക്കും. അതേസമയം, രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ തുരങ്കപാതയായ ഈ പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. വിശദമായ പഠനം കൂടാതെയാണ് പദ്ധതി ആരംഭിച്ചതെന്ന വിമർശനവും ഉയർന്നിരുന്നു.

ചൂരൽമല, പുത്തുമല, കവളപ്പാറ തുടങ്ങിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ നടന്ന മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതി അതീവ ജാഗ്രതയോടെ മാത്രമേ നടപ്പാക്കാവൂ എന്ന നിലപാടും മുൻപ് ഉയർന്നിരുന്നു.

അടുത്തിടെ ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് നിർമ്മാണ സ്ഥലത്ത് നീക്കം ചെയ്യാതെ കൂട്ടിയിട്ടിരുന്ന മണ്ണാണ് അപകടത്തിന് കാരണമായതെന്നാണ് മന്ത്രിമാർ വിശദീകരിച്ചത്. കരാർ കമ്പനിയായ കൊങ്കൺ റെയിൽ കോർപ്പറേഷൻ മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പൊതുമരാമത്ത് വകുപ്പും ജില്ലാ ഭരണകൂടവും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നുമാണ് വിവരം. എന്നാൽ മുന്നറിയിപ്പിൽ മാത്രം നടപടി ഒതുങ്ങിയെന്ന വിമർശനവും ഉയരുന്നുണ്ട്. ടൺ കണക്കിന് മണ്ണ് ടാർപാളിൻ ഉപയോഗിച്ച് മൂടിവെച്ച നിലയിലായിരുന്നുവെന്നും, കഴിഞ്ഞ മാസം ചേർന്ന യോഗത്തിൽ തീരുമാനിച്ച നടപടികൾ നടപ്പായില്ലെന്നും ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതിയുടെ ഭാവിയെക്കുറിച്ച് വീണ്ടും ചർച്ചകൾ ശക്തമായിരിക്കുകയാണ്. സ്ഥിരമായി മണ്ണിടിച്ചിൽ ഉണ്ടാകുന്ന മേഖലയിലൂടെ മല തുരന്ന് പാത നിർമിക്കുന്നത് പുനഃപരിശോധിക്കണമെന്ന ആവശ്യം പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെ കൂടുതൽ ശക്തമായി ഉയർത്തുമെന്നാണ് വിലയിരുത്തൽ. പദ്ധതിക്കെതിരെ നിയമനടപടികളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.

അതേസമയം, നിലവിലെ സാഹചര്യത്തിൽ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നത് മുഖ്യമന്ത്രി അധ്യക്ഷനായുള്ള വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും തീരുമാനിക്കുകയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. നാല് വർഷത്തിനകം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതിയുടെ തുടർനടപടികൾ ഇനി സർക്കാരിന്റെ അന്തിമ തീരുമാനത്തെ ആശ്രയിച്ചായിരിക്കും.

You may also like