കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയ സർക്കാരിന്റെ പുതുക്കിയ ഉത്തരവ് ഹൈക്കോടതിയിൽ സമർപ്പിച്ചു.
കേസിൽ പ്രഥമദൃഷ്ട്യാ അഴിമതിക്കുള്ള തെളിവുകളുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് പ്രോസിക്യൂഷൻ അനുമതി നൽകിയതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാരിന്റെ അവകാശം നിലനിർത്തിക്കൊണ്ടാണ് പുതിയ ഉത്തരവ് സമർപ്പിച്ചിരിക്കുന്നത്.
നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ കോടതിയെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങൾ ഉൾപ്പെട്ടിരുന്നു. ഇതിനെതിരെ പരാതിക്കാരൻ കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ സമ്മർദ്ദം മൂലമാണ് പ്രോസിക്യൂഷൻ അനുമതി നൽകിയതെന്ന പരാമർശവും മുൻ ഉത്തരവിലുണ്ടായിരുന്നു.
പുതിയ സർക്കാർ ഉത്തരവ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസുമായി ബന്ധപ്പെട്ട ഹർജി നാളെ വീണ്ടും പരിഗണിക്കും.
ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരൻ, കെ.എ. രതീഷ് എന്നിവരടക്കമുള്ളവരാണ് കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രധാന പ്രതികൾ.

