മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ‘കിരീടം’ വീണ്ടും തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ 37-ാം വാർഷികത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന പ്രത്യേക സ്ക്രീനിങ്ങിൽ നടൻ മോഹൻലാൽ വികാരാധീനനായി. ചിത്രത്തിന്റെ പുതിയ 4കെ റീമാസ്റ്റേർഡ് പതിപ്പിന്റെ ട്രെയിലർ ലോഞ്ചിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് സംവിധായകൻ സിബി മലയിലിനൊപ്പം മോഹൻലാൽ ഓർമ്മകൾ പങ്കുവെച്ചത്.
തന്റെ 48 വർഷത്തെ സിനിമാജീവിതത്തിൽ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന നിമിഷമാണിതെന്ന് മോഹൻലാൽ പറഞ്ഞു. 37 വർഷം മുമ്പുള്ള പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് ഇത്രയും വലിയൊരു സിനിമ ഒരുക്കിയത് വലിയ നേട്ടമാണെന്നും ചിത്രത്തിനായി പ്രവർത്തിച്ച എല്ലാവരെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“നമസ്കാരം… എന്താണ് പറയേണ്ടത്. എന്റെ 48 വർഷത്തെ അഭിനയജീവിതത്തിൽ എടുത്തുപറയാവുന്ന സിനിമകളിലൊന്നാണ് കിരീടം. എനിക്ക് ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ച സിനിമയുമാണ് ഇത്. താങ്ക്യൂ സിബി… എന്റെ അടുത്ത ദേശീയ പുരസ്കാരവും സിബിയുടെ സിനിമയിലൂടെയായിരുന്നു.
അതുകൊണ്ടുതന്നെ ഇത് എനിക്ക് വളരെ പ്രത്യേക നിമിഷമാണ്. ഇപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമുണ്ട്, അതോടൊപ്പം വലിയൊരു സങ്കടവുമുണ്ട്. കാരണം, അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരുപാട് പേർ ഇന്ന് നമ്മളോടൊപ്പമില്ല. സ്ക്രീനിൽ അവരെയൊക്കെ കണ്ടപ്പോൾ 37 വർഷം പിന്നിലേക്ക് ഒരു ടൈം ട്രാവൽ ചെയ്തതുപോലെയാണ് തോന്നിയത്.
ഞാൻ സിബിയോട് ചോദിക്കുകയായിരുന്നു, ഇങ്ങനെയൊരു സിനിമയോ, അല്ലെങ്കിൽ ഇതിൽ ജീവിച്ചതു പോലെയുള്ള മനുഷ്യരോ ഇനി നമ്മുടെ കൂടെയില്ലല്ലോ എന്ന്. ആലോചിക്കുമ്പോൾ വലിയൊരു സങ്കടമുണ്ട്. അത്രമാത്രം ഇമോഷണലായ ഒരു സിനിമയാണിത്.
37 വർഷം മുമ്പുള്ള പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഈ സിനിമ ഒരുക്കിയത്. ഇന്ന് ഈ സിനിമ ചെയ്യുകയാണെങ്കിൽ ഒരുപക്ഷേ ഒരുപാട് മാറ്റങ്ങൾ ഉണ്ടായേക്കാം. പക്ഷേ അന്നത്തെ സാഹചര്യങ്ങളിൽ ഇങ്ങനെയൊരു സിനിമ സൃഷ്ടിക്കുക വലിയ കാര്യമാണ്.
എന്നോടൊപ്പം അഭിനയിച്ച എല്ലാവരെയും, ഈ സിനിമയ്ക്കായി പ്രവർത്തിച്ച എല്ലാവരെയും ഞാൻ ഈ സമയത്ത് നന്ദിയോടെ ഓർക്കുകയാണ്. ചിത്രം ഡിജിറ്റലായി റീസ്റ്റോർ ചെയ്ത് വീണ്ടും പ്രേക്ഷകരിലേക്ക് എത്തിച്ച എൻഎഫ്ഡിസിക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി.
ഞാൻ ഇന്റർവെൽ സമയത്താണ് എത്തിയതെങ്കിലും കഥ നന്നായി അറിയാവുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ മനസ്സ് നിറഞ്ഞു, കണ്ണ് നിറഞ്ഞു. ചില സിനിമകൾക്ക് മാത്രം സംഭവിക്കുന്ന കാര്യമാണ് അത്. ഈ സിനിമയ്ക്ക് അതിന് പ്രത്യേക സ്ഥാനമുണ്ട്. ഒരിക്കൽക്കൂടി ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. താങ്ക്യൂ സിബി, താങ്ക്യൂ വിജയകുമാർ, ഉണ്ണി, ദിനേഷ്… എല്ലാവർക്കും ഒരുപാട് നന്ദി!” — മോഹൻലാൽ പറഞ്ഞു.

