കോഴിക്കോട്: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഫേസ്ബുക്കിലൂടെ തട്ടിപ്പ് വ്യാപകമാകുന്നു. ‘Veloher Hack’ എന്ന അക്കൗണ്ട് വഴിയാണ് തട്ടിപ്പുകൾ നടക്കുന്നതെന്നാണ് വിവരം.
വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ, കോൾ ഹിസ്റ്ററി എന്നിവ ഹാക്ക് ചെയ്ത് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ആളുകളിൽ നിന്ന് പണം ഈടാക്കുന്നത്.
ഒരു മാസത്തേക്കുള്ള ഹാക്കിങ് ഫീസായി 549 രൂപ ആവശ്യപ്പെടുന്ന സംഘം ക്യുആർ കോഡ് അയച്ചുനൽകും. പണം അയച്ചാൽ ആവശ്യപ്പെട്ട അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് നൽകാമെന്നാണ് ഇവർ അവകാശപ്പെടുന്നത്.
എന്നാൽ പണം ലഭിച്ച ഉടൻ തന്നെ പണം അയച്ചവരെ ബ്ലോക്ക് ചെയ്ത് അപ്രത്യക്ഷമാകുന്നതാണ് തട്ടിപ്പുകാരുടെ രീതിയെന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു.
ചെറിയ തുകയായതിനാൽ പലരും പരാതി നൽകാൻ തയ്യാറാകാത്തതാണ് തട്ടിപ്പ് തുടരാൻ അവസരമൊരുക്കുന്നതെന്നാണ് വിലയിരുത്തൽ. നൂറുകണക്കിന് പേർ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

