പാലക്കാട്: ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക ദമ്പതികളിൽ ഭാര്യ മരിച്ചു. വാടാനംകുറുശി ശബരി നിവാസിൽ 71 കാരിയായ പുഷ്പലതയാണ് മരിച്ചത്. ഭർത്താവ് 76 കാരനായ ദിവാകരൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണം ജീവനൊടുക്കുകയാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് പുഷ്പലതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് ദിവാകരനെ അവശനിലയിലും കണ്ടെത്തി. ഇവർക്കൊപ്പം താമസിക്കുന്ന മകനാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

