ന്യൂഡൽഹി: പാർട്ടിക്കുള്ളിലെ അഭിപ്രായഭിന്നതയുടെ പശ്ചാത്തലത്തിൽ നേതാക്കളുടെ പൊതുപ്രതികരണങ്ങളിൽ ജാഗ്രത വേണമെന്ന് സിപിഐഎം ദേശീയ നേതൃത്വം. അഭിപ്രായം പറയുമ്പോൾ പാർട്ടിക്ക് പോറലേൽക്കാത്ത വിധത്തിലായിരിക്കണമെന്ന് ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. പാർട്ടിയുടെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്ന തരത്തിലായിരിക്കണം നേതാക്കളുടെ നിലപാടുകളെന്നും അദ്ദേഹം വ്യക്തമാക്കി.
“അഭിപ്രായം പറയുമ്പോൾ പാർട്ടിക്ക് പോറലേൽക്കാത്ത വിധത്തിലായിരിക്കണം. എല്ലാ തലങ്ങളിലുമുള്ള സഖാക്കൾ പൊതുവിൽ പറയുന്ന അഭിപ്രായങ്ങൾ പാർട്ടി കൂട്ടായ്മ മുറുകെ പിടിക്കാൻ സഹായിക്കുന്നതായിരിക്കണം. കേരളത്തിൽ പാർട്ടി തിരിച്ചടി നേരിടുകയും രാജ്യത്ത് വിവിധ വെല്ലുവിളികൾ അഭിമുഖീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പാർട്ടിയിലെ ആരുടെയും പ്രതികരണം പാർട്ടിക്ക് ദോഷകരമാകാൻ പാടില്ല,” എം.എ. ബേബി പറഞ്ഞു.
അതേസമയം, കേരളത്തിൽ സിപിഐഎമ്മിന് പല മേഖലകളിലും ഐക്യം നഷ്ടമായെന്ന വിമർശനം കേന്ദ്രകമ്മിറ്റിയിലും ഉയർന്നു. ചില നേതാക്കളുടെ പെരുമാറ്റം പാർട്ടിയെ ഒന്നാകെ ബാധിച്ചുവെന്നാണ് വിമർശനം. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ പരോക്ഷ വിമർശനവും യോഗത്തിൽ ഉയർന്നതായി റിപ്പോർട്ടുണ്ട്.
തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കിടെ സംസ്ഥാന നേതൃത്വത്തിനെതിരെ നിരവധി നേതാക്കൾ വിമർശനം ഉന്നയിച്ചു. ചില നേതാക്കളുടെ പെരുമാറ്റം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നും അതിൽ തിരുത്തൽ അനിവാര്യമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

