തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഭൂമി മുഴുവൻ അളന്ന് തിട്ടപ്പെടുത്താൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. എകെജി പഠനഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട ഭൂമി പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ സ്പെഷ്യൽ അജണ്ടയായി കോൺഗ്രസ് അംഗം ആർ. എസ്. ശശികുമാറാണ് വിഷയം അവതരിപ്പിച്ചത്.
വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച നടത്താൻ പാടില്ലെന്ന് സിൻഡിക്കേറ്റിലെ സിപിഐഎം അംഗം നിലപാടെടുത്തു. തുടർന്ന് വിഷയത്തിൽ വിശദമായ ചർച്ച നടത്താതെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ യോഗം തീരുമാനിക്കുകയായിരുന്നു.
1977-ൽ എ. കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സർവകലാശാലയുടെ കൈവശമുണ്ടായിരുന്ന 15 സെന്റ് ഭൂമി എകെജി പഠനഗവേഷണ കേന്ദ്രത്തിന് നൽകിയത്. എന്നാൽ, 50 സെന്റിലേറെ ഭൂമി പഠനഗവേഷണ കേന്ദ്രം കൈയേറിയെന്ന പരാതിയാണ് നിലവിലുള്ളത്.

