തിരുവനന്തപുരം: വഞ്ചിയൂരിൽ ആമയിഴഞ്ചാൻ തോടിന് കുറുകെയുള്ള തകർന്ന പാലം പുനർനിർമിക്കാതെ അതിന് മുകളിൽ മതിൽ കെട്ടി അടച്ച നടപടിക്കെതിരെ കോർപറേഷൻ ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. കോർപറേഷന്റെയും ജലവിഭവ വകുപ്പിന്റെയും നടപടിക്കെതിരെ നാട്ടുകാർ സമരത്തിലേക്ക് നീങ്ങുകയാണ്.
ആമയിഴഞ്ചാൻ തോടിന്റെ വശങ്ങൾ ഇടിഞ്ഞുവീണ് വർഷങ്ങളായിട്ടും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താൻ തയ്യാറാകാതിരുന്നതാണ് കഴിഞ്ഞ മാസം പാലം പൂർണമായും തകരാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ തകർന്ന പാലം അടിയന്തരമായി പുനർനിർമിക്കുന്നതിന് പകരം അതിന് മുകളിൽ മതിൽ കെട്ടി വഴി അടച്ചതാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.
കോർപറേഷൻ ഭരണസമിതിയുടെ അനാസ്ഥയാണ് പ്രദേശവാസികളെ വലിയ ദുരിതത്തിലാക്കിയതെന്ന് നാട്ടുകാർ പറയുന്നു. തോടിന്റെ വശങ്ങൾ ഇടിഞ്ഞുതുടങ്ങിയപ്പോൾ തന്നെ വാർഡ് കൗൺസിലറെയും കോർപറേഷൻ അധികൃതരെയും പലതവണ സമീപിച്ചെങ്കിലും ഫണ്ടില്ലെന്നും ഇത് തങ്ങളുടെ പരിധിയിൽപ്പെടുന്ന വിഷയമല്ലെന്നും പറഞ്ഞ് ഉത്തരവാദിത്വം ജലവിഭവ വകുപ്പിന് മേൽ ചുമത്തുകയായിരുന്നുവെന്നാണ് ആരോപണം.
പാലം തകർന്നതോടെ കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ച് യാത്രാമാർഗം പൂർണമായി അടച്ചത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ബാധിച്ചതായും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
പാറ്റൂർ–വഞ്ചിയൂർ റോഡിനെയും അമ്പലത്തുമുക്ക് സമദ് ആശുപത്രിയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ഇത്. പാലം അടച്ചതോടെ രോഗികളുമായി എത്തുന്ന വാഹനങ്ങൾക്കും സ്കൂൾ വിദ്യാർഥികൾക്കും കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്. പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് നഗരത്തിലേക്കും സെക്രട്ടേറിയറ്റിലേക്കും വേഗത്തിൽ എത്താൻ ജനങ്ങൾ ആശ്രയിച്ചിരുന്ന റോഡും ഇപ്പോൾ ഉപയോഗശൂന്യമായി.
രോഗികൾക്കും വിദ്യാർഥികൾക്കും യാത്രാദുരിതം സൃഷ്ടിച്ചിട്ടും ഭരണസമിതിക്ക് വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ താത്പര്യമില്ലെന്നാണ് നാട്ടുകാരുടെ വിമർശനം.
കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് റോഡ് വികസിപ്പിക്കുന്നതിന് വർഷങ്ങൾക്കുമുമ്പ് പദ്ധതി അംഗീകരിച്ചിരുന്നുവെന്ന് വാർഡ് കൗൺസിലർ അവകാശപ്പെടുന്നുണ്ടെങ്കിലും കരാർ കമ്പനികളുമായുള്ള തർക്കം പരിഹരിച്ച് പദ്ധതി നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
തകർന്ന പാലം അടിയന്തരമായി പുനർനിർമിച്ച് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കാത്ത പക്ഷം കോർപറേഷൻ ഓഫീസിന് മുന്നിൽ ശക്തമായ ജനകീയ സമരം ആരംഭിക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.

