തിരുവനന്തപുരം: ടാറ്റ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തേക്ക് വിവിധ നിക്ഷേപകരിലൂടെ ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയെയാണ് 10,000 കോടിയോളം രൂപയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പരാമർശിച്ചതെന്നും, ടാറ്റ ഗ്രൂപ്പുമായി അത്രയും തുകയുടെ ഏക നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചുവെന്ന അർഥമല്ല അതെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.
മിഷൻ സമുദ്രയുടെ ഭാഗമായി രാജ്യത്തെ പ്രമുഖ കപ്പൽ നിർമാണ-സമുദ്ര വ്യവസായ കേന്ദ്രമായി കേരളത്തെ വികസിപ്പിക്കാനുള്ള സർക്കാരിന്റെ കാഴ്ചപ്പാടും നിക്ഷേപ ആകർഷണ പദ്ധതിയുമാണ് മുഖ്യമന്ത്രി അഭിമുഖത്തിൽ വിശദീകരിച്ചതെന്ന് സർക്കാർ അറിയിച്ചു.
വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും വരും വർഷങ്ങളിൽ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമർശത്തിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചത്. ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചുവെന്നല്ല അതിന്റെ അർഥമെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ കപ്പൽ നിർമാണ മേഖലയിൽ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ടാറ്റ ഗ്രൂപ്പ് നേരത്തെ തള്ളിയിരുന്നു. കേരളത്തിലല്ല, നിലവിൽ ഒരിടത്തും കപ്പൽ നിർമാണശാല സ്ഥാപിക്കാനുള്ള പദ്ധതികളില്ലെന്നും ടാറ്റ ഗ്രൂപ്പിന് കപ്പൽ നിർമാണവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളൊന്നുമില്ലെന്നും ദേശീയ മാധ്യമത്തോടുള്ള പ്രതികരണത്തിൽ കമ്പനി വ്യക്തമാക്കിയിരുന്നു.
മിഷൻ സമുദ്രയുടെ ഭാഗമായി കേരളത്തിൽ കപ്പൽ നിർമാണ മേഖലയിൽ ടാറ്റ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ചെന്ന് മുഖ്യമന്ത്രി ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശിച്ചത്. ഇതിന് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന്റെ വിശദീകരണവും തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വിശദീകരണവും പുറത്തുവന്നത്.

