Home Keralaമദ്യലഹരിയിൽ നിയന്ത്രണം വിട്ട കാർ; മുക്കത്ത് ബൈക്കുകളും വീടിന്റെ മതിലും തകർത്ത് പാഞ്ഞ്, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മദ്യലഹരിയിൽ നിയന്ത്രണം വിട്ട കാർ; മുക്കത്ത് ബൈക്കുകളും വീടിന്റെ മതിലും തകർത്ത് പാഞ്ഞ്, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

by news_desk1
0 comments

കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും വീടിന്റെ ചുറ്റുമതിലിലേക്കും ഇടിച്ചുകയറി. കോഴിക്കോട് മുക്കം മാമ്പറ്റയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ വൻ നാശനഷ്ടമുണ്ടായെങ്കിലും വലിയ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിലും സമീപത്തെ വീടിന്റെ ചുറ്റുമതിലിലും ഇടിച്ചുതകർക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് കാർ ഓടിച്ച നായർകുഴി സ്വദേശി അനീഷ് രാജുവിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാരും പൊലീസും അറിയിച്ചു.

അപകടത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകൾ പൂർണമായും തകർന്നു. കൂടാതെ സമീപത്തെ വീടിന്റെ മതിലിലും കാർ ഇടിച്ചുകയറി.

കാറിന്റെ അമിതവേഗം കണ്ട് റോഡരികിൽ നിന്നിരുന്ന ഒരു കുട്ടി സമയോചിതമായി മാറിനിന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

You may also like