മലപ്പുറം: പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജിനെയാണ് ചിറ്റൂർ പൊലീസ് പാലക്കാട് ചിറ്റൂരിൽ നിന്ന് പിടികൂടിയത്.
ഫാം നോക്കിനടത്താനെന്ന പേരിൽ ചിറ്റൂരിലെത്തിയ സിറാജ്, തന്റെ പെൺസുഹൃത്തിന്റെ 16 വയസ്സുള്ള മകളെയാണ് പീഡിപ്പിച്ചതെന്നാണ് കേസ്. കുട്ടിക്ക് പ്രേതബാധയുണ്ടെന്നും അത് ഒഴിപ്പിച്ചില്ലെങ്കിൽ വലിയ അപകടമുണ്ടാകുമെന്നും കുടുംബത്തെ വിശ്വസിപ്പിച്ചായിരുന്നു ഇയാളുടെ നീക്കം.
പെൺകുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ സ്വന്തം വീട്ടിലേക്ക് വരണമെന്ന് പ്രതി അമ്മയോട് ആവശ്യപ്പെട്ടു. തുടർന്ന് പെൺകുട്ടി എത്തിയ സമയത്താണ് സിറാജ് മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവം പെൺകുട്ടി അമ്മയെ അറിയിച്ചതോടെ ചിറ്റൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
