Home Keralaസമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

by news_desk1
0 comments

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 81 വയസായിരുന്നു.

മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 10 മണിക്കാണ് നടക്കുക. ഭൗതികദേഹം ആദ്യം മലപ്പുറം തിരൂർക്കാട്ടെ വസതിയിലെത്തിക്കും. തുടർന്ന് തിരൂർക്കാട് അൻവാറുൽ ഇസ്‌ലാമിൽ പൊതുദർശനത്തിന് വെക്കും.

1945-ൽ മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയിലാണ് കുന്നത്ത് മൂസ ഹാജിയുടെയും ഇയ്യാത്തുട്ടി മാടമ്പിയുടെയും മകനായി ആലിക്കുട്ടി മുസ്‌ലിയാർ ജനിച്ചത്. പിതാമഹനായ കുന്നത്ത് ആലി ഹാജിയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച അദ്ദേഹം 1952-ൽ ദർസ് പഠനത്തിലേക്ക് പ്രവേശിച്ചു.

ഇരുമ്പുഴി, പുത്തനങ്ങാടി, അരിപ്ര, പടിഞ്ഞാറ്റുമുറി എന്നിവിടങ്ങളിലെ വിവിധ ദർസുകളിൽ പ്രമുഖ പണ്ഡിതന്മാരുടെ കീഴിൽ പഠനം നടത്തി. തുടർന്ന് 1964-ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ഉപരിപഠനത്തിനായി ചേർന്നു. ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാർ എന്നിവർ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുന്നു.

1968-ൽ പഠനം പൂർത്തിയാക്കിയ ശേഷം മീനാർകുഴിയിലും പിന്നീട് ചെമ്മങ്കടവിലും മുദരിസായി സേവനമനുഷ്ഠിച്ചു. 1979-ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ അധ്യാപകനായി നിയമിതനായി. 2003-ൽ സ്ഥാപനത്തിന്റെ പ്രിൻസിപ്പലായി തെരഞ്ഞെടുക്കപ്പെട്ടു. 2013-ൽ കാസർകോട് ഖാളിയായും നിയമിതനായി.

1986-ൽ സമസ്ത കേന്ദ്ര മുശാവറ അംഗമായ അദ്ദേഹം, 2010-ൽ ജോയിന്റ് സെക്രട്ടറിയായും 2016-ൽ സമസ്തയുടെ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡന്റ്, സമസ്ത ഫത്‌വ കമ്മിറ്റി അംഗം, സുന്നി അഫ്കാർ വാരികയുടെ ചീഫ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനുമായും സേവനമനുഷ്ഠിച്ച അദ്ദേഹം, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെയും മുസ്ലിം വേൾഡ് ലീഗ് ഫിഖ്ഹ് കൗൺസിലിന്റെയും പ്രത്യേക ക്ഷണിതാവുമായിരുന്നു.

ബഹുഭാഷാ പണ്ഡിതനായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച പ്രമുഖ മതപണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു.

You may also like