Home Internationalഇറാൻ സമുദ്രാതിർത്തിയിൽ എൽപിജി ടാങ്കറിന് നേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി

ഇറാൻ സമുദ്രാതിർത്തിയിൽ എൽപിജി ടാങ്കറിന് നേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി

by news_desk1
0 comments

ടെഹ്റാൻ: ഇറാന്റെ സമുദ്രാതിർത്തിയിൽ ആക്രമണത്തിനിരയായ മൊസാംബിക് പതാകയേന്തിയ ‘ദിശ’ എന്ന എൽപിജി ടാങ്കറിലെ 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കപ്പലിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും എംബസി അറിയിച്ചു.

മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കടൽമാർഗ്ഗ ചരക്കുനീക്കത്തിന് ഭീഷണിയായി പുതിയ ആക്രമണം ഉണ്ടായത്.

ഇറാനിലെ സംഭവത്തിന് തൊട്ടുമുമ്പ് കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടിരുന്നു. ജൂലൈ 18ന് റഷ്യൻ സമുദ്രാതിർത്തിയിലൂടെ സഞ്ചരിച്ചിരുന്ന ‘എം.വി ഒമോർഫി’ എന്ന കപ്പലിന് നേരെയായിരുന്നു ആക്രമണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണ സമയത്ത് കപ്പലിലുണ്ടായിരുന്ന 10 ജീവനക്കാരിൽ മൂന്ന് പേർ ഇന്ത്യക്കാരായിരുന്നു. ഇതിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റ് രണ്ടുപേർ സുരക്ഷിതരായിരിക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.

മരണപ്പെട്ട നാവികന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ റഷ്യയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന് നിർദേശം നൽകിയിട്ടുണ്ട്.

സമുദ്ര സുരക്ഷയിൽ ആശങ്ക

വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സാധാരണക്കാരായ ജീവനക്കാരുടെ ജീവന് ഭീഷണിയുയർത്തുന്ന ഇത്തരം സംഭവങ്ങൾ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും സമുദ്ര സുരക്ഷയ്ക്കും വലിയ വെല്ലുവിളിയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജൂലൈ 19ന് ഗിനിയ-ബിസൗ പതാകയേന്തിയ ‘എം.വി ഗോൾഡൻ ലീഓ’ എന്ന ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യൻ ജീവനക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഇന്ത്യ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടു.

You may also like