തിരുവനന്തപുരം: തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന മൂന്ന് വെട്ടോത്തികളാണ് പ്രതിയായ പ്രദീപ് പൊലീസിന് സ്ഥലം കാണിച്ചുകൊടുത്തതിനെ തുടർന്ന് കണ്ടെത്തിയത്.
അയൽവാസികളായ വിശാഖും പ്രദീപും തമ്മിലുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി അതിർത്തി തർക്കം നിലനിന്നിരുന്നു. നാല് മാസം മുൻപ് വിശാഖ് പ്രദീപിനെ ആക്രമിച്ച സംഭവത്തിന്റെ വൈരാഗ്യമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും, കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും പൊലീസ് അറിയിച്ചു.
പ്രതിയായ പ്രദീപിനെയും മൂന്ന് സുഹൃത്തുക്കളെയും ഇന്നലെ പുലയനാർക്കോട്ടയിലെ കാട്ടിനുള്ളിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് മൂന്ന് വാക്കത്തികളും പൊലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.
