Home Keralaകടുത്ത സാമ്പത്തിക പ്രതിസന്ധി; ചെലവ് നിയന്ത്രിക്കാൻ വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം, അനാവശ്യ പദ്ധതികൾ ഒഴിവാക്കാനും നിർദേശം

കടുത്ത സാമ്പത്തിക പ്രതിസന്ധി; ചെലവ് നിയന്ത്രിക്കാൻ വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം, അനാവശ്യ പദ്ധതികൾ ഒഴിവാക്കാനും നിർദേശം

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ വകുപ്പുകൾ ചെലവ് കർശനമായി നിയന്ത്രിക്കണമെന്ന് ധനവകുപ്പ് നിർദേശം നൽകി. അടുത്ത ബജറ്റിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറിലാണ് ചെലവ് വർധിപ്പിക്കരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിനെ കവിയരുതെന്നും നിർദേശിച്ചിരിക്കുന്നത്.

സാമ്പത്തിക നേട്ടമില്ലാത്ത പദ്ധതികൾ ഒഴിവാക്കണമെന്നും മാറ്റിവയ്ക്കാൻ കഴിയുന്ന അറ്റകുറ്റപ്പണികൾ പിന്നീട് നടത്തണമെന്നും സർക്കുലറിൽ പറയുന്നു. നിലവിൽ അധികമുള്ള ജീവനക്കാരെ പിരിച്ചുവിടേണ്ടതില്ലെന്നും പുതിയ ഒഴിവുകൾ ഉണ്ടാകുമ്പോൾ അവിടേക്ക് പുനർനിയമനം നടത്താമെന്നും നിർദേശമുണ്ട്.

ശമ്പളച്ചെലവ് കൃത്യമായി കണക്കാക്കണമെന്നും കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഏതെങ്കിലും വകുപ്പിന്റെ ചെലവ് വർധിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം വ്യക്തമായി വിശദീകരിക്കണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്നതിനായി ധവളപത്രവും പുറത്തിറക്കിയിരുന്നു.

മുൻ സർക്കാരിനെ അമിത വായ്പയെടുത്തുവെന്ന പേരിൽ വിമർശിച്ചിരുന്ന നിലവിലെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ നാല് ഘട്ടങ്ങളിലായി പതിനായിരത്തോളം കോടി രൂപ വായ്പയെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

You may also like