Home Keralaകോഴിക്കോട് വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹമരണമെന്ന് സംശയിച്ച് പൊലീസ് അന്വേഷണം

കോഴിക്കോട് വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹമരണമെന്ന് സംശയിച്ച് പൊലീസ് അന്വേഷണം

by news_desk1
0 comments

കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്തെ വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരിങ്ങല്ലൂർ സ്വദേശി ഷെരീഫ് അഹമ്മദിനെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊലപാതക സാധ്യത ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്.

ഷെരീഫ് അഹമ്മദിന്റെ സുഹൃത്താണ് മരണവിവരം പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹത്തിൽ വിവിധ ഭാഗങ്ങളിൽ രക്തപ്പാടുകൾ കണ്ടെത്തിയതായാണ് വിവരം.

കഴിഞ്ഞ രാത്രി പ്രദേശത്ത് നായകൾ കൂട്ടമായി കരഞ്ഞിരുന്നുവെന്നും ശക്തമായ മഴയായിരുന്നതിനാൽ അത് ശ്രദ്ധിച്ചില്ലെന്നുമാണ് സമീപവാസികളുടെ മൊഴി. മുണ്ടുപാലത്തെ വാടകവീട്ടിലാണ് ഇന്നലെ അർധരാത്രിയോടെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മരണമായിരിക്കാമെന്ന സംശയവും പ്രദേശവാസികൾ ഉയർത്തുന്നുണ്ട്. എട്ട് മാസം മുമ്പാണ് വണ്ടി കച്ചവടവുമായി ബന്ധപ്പെട്ടവർക്ക് വീട് വാടകയ്ക്ക് നൽകിയതെന്നാണ് ലഭ്യമായ വിവരം. ഇവിടെ സ്ഥിരതാമസക്കാർ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

You may also like