Home Top Storiesപിഎസ്‌സി പരീക്ഷാ ക്രമക്കേട്: ഉന്നത ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും; കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കാൻ എസ്‌ഐടി

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ഉന്നത ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും; കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കാൻ എസ്‌ഐടി

by news_desk1
0 comments

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എസ്‌ഐടി. ക്രമക്കേടിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന്റെ വ്യാപ്തി വർധിപ്പിക്കാനാണ് തീരുമാനം. പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാനുമാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

അന്വേഷണത്തിന്റെ അടുത്ത ഘട്ടമായി പി.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും. അന്വേഷണ സംഘം വിപുലീകരിക്കാനും തീരുമാനമായിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ 90-ലധികം പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചിട്ടുള്ളത്. എല്ലാ പരാതികളും വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

പരീക്ഷയിൽ 58 മാർക്കിന്റെ മൂല്യനിർണയം നടത്തിയിട്ടില്ലെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഉത്തരക്കടലാസിന്റെ പകർപ്പിനായുള്ള അപേക്ഷയിൽ മനഃപൂർവം കാലതാമസം വരുത്തിയതായും അനധികൃത നിയമനം നടത്തി അന്യായലാഭം ഉണ്ടാക്കിയതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. വിശ്വാസവഞ്ചന, അഴിമതി, പൊതുസേവകന്റെ പദവി ദുരുപയോഗം ചെയ്തതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി ഉദ്യോഗസ്ഥർ നാല് തവണ പി.എസ്.സി ആസ്ഥാനത്ത് പരിശോധന നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പി.എസ്.സിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ എസ്‌ഐടി കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കും.

You may also like