കാലവർഷം വീണ്ടും കേരളത്തെ കഠിനമായ പരീക്ഷണത്തിലൂടെയാണ് കടത്തിക്കൊണ്ടുപോകുന്നത്. പ്രളയജലത്തിൽ മുങ്ങിയ ഗ്രാമങ്ങൾ, ഉരുൾപൊട്ടലിൽ തകർന്ന വീടുകൾ, കടലാക്രമണത്തിൽ എല്ലാം നഷ്ടപ്പെട്ട തീരദേശ കുടുംബങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയ ആയിരങ്ങൾ, ജീവൻ നഷ്ടപ്പെട്ട നിരപരാധികൾ-ഇതാണ് ഇന്നത്തെ കേരളത്തിന്റെ യാഥാർഥ്യം. കണ്ണീരിനും നെടുവീർപ്പിനും ഇടയിൽ ‘ഇനി എന്ത്?’ എന്ന ചോദ്യവുമായി നിൽക്കുന്ന മനുഷ്യരെയാണ് ഇന്ന് നാം കാണുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങളുടെ ഏറ്റവും വലിയ പ്രതീക്ഷ സർക്കാർ സംവിധാനങ്ങളിലേക്കും, അതിന്റെ നേതൃത്വം വഹിക്കുന്ന മുഖ്യമന്ത്രിയിലേക്കുമാണ്. ദുരന്തസമയങ്ങളിൽ ഭരണകൂടം ഒരു ഭരണസംവിധാനം മാത്രമല്ല; പ്രതീക്ഷയുടെ മുഖമാണ്. അധികാരത്തിന്റെ പ്രതീകമല്ല, ആശ്വാസത്തിന്റെ കൈത്താങ്ങാണ്. ജനങ്ങൾ പ്രതീക്ഷിക്കുന്നത് ഉത്തരവുകൾ മാത്രമല്ല, സാന്നിധ്യവുമാണ്. ദുരിതബാധിതരുടെ കണ്ണീരിൽ കൈവെക്കുന്ന നേതൃത്വമാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില സംഭവങ്ങൾ വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. പ്രളയവും മഴക്കെടുതിയും രൂക്ഷമായി തുടരുമ്പോൾ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയും സ്വകാര്യ വിരുന്നിൽ പങ്കെടുത്തതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ഭക്ഷണം കഴിക്കുന്നതോ യാത്ര ചെയ്യുന്നതോ തെറ്റാണെന്നല്ല ആരും പറയുന്നത്. പക്ഷേ, ജനങ്ങൾ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന വേളയിൽ ഭരണാധികാരിയുടെ ഓരോ നടപടിയും പൊതുസമൂഹം എങ്ങനെ വായിക്കുമെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ പക്വതയും അനൗചിത്യബോധവും അനിവാര്യമാണ്. ദുരന്തമുഖത്ത് പ്രതീകങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ജനങ്ങളോടൊപ്പം നിന്ന് അവരുടെ വേദന പങ്കിടുന്ന ഒരു ചിത്രം സമൂഹത്തിന് ആത്മവിശ്വാസം നൽകും. മറിച്ച്, ആഘോഷങ്ങളുടെയും വിരുന്നുകളുടെയും ചിത്രങ്ങൾ നിരാശ മാത്രമേ സൃഷ്ടിക്കൂ. അതാണ് ഈ വിവാദത്തിന്റെ കേന്ദ്രബിന്ദു. അതിലും ഗൗരവമുള്ളത് ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉയർന്നുവന്ന വിമർശനങ്ങളാണ്. മുന്നറിയിപ്പുകൾ സമയബന്ധിതമായി ലഭിച്ചില്ലെന്ന പരാതികൾ, അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിലെ ഏകോപനക്കുറവ്, അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങളെ മുൻകൂട്ടി ഒഴിപ്പിക്കുന്നതിലെ വീഴ്ച, ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത-ഇവയെല്ലാം ഭരണസംവിധാനം ആത്മപരിശോധന നടത്തേണ്ട വിഷയങ്ങളാണ്. ശ്രദ്ധേയമായ മറ്റൊരു കാര്യം, ഈ വിമർശനങ്ങൾ പ്രതിപക്ഷത്തിൽ നിന്നുമാത്രമല്ല ഉയർന്നത് എന്നതാണ്. ഭരണപക്ഷ എം.എൽ.എമാരും ജനപ്രതിനിധികളും പോലും ദുരന്തനിവാരണത്തിലെ കാര്യക്ഷമതക്കുറവ് ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഭരണത്തിന്റെ ഭാഗമായവർ തന്നെ ആശങ്ക പ്രകടിപ്പിക്കുമ്പോൾ അതിനെ രാഷ്ട്രീയ വിമർശനമായി തള്ളിക്കളയാതെ ഗൗരവത്തോടെ പരിശോധിക്കുകയാണ് ജനാധിപത്യത്തിന്റെ ശരിയായ രീതി. ദുരന്തങ്ങൾ രാഷ്ട്രീയം നോക്കിയല്ല എത്തുന്നത്. പ്രളയജലം വീടുകളെ മുക്കുമ്പോൾ അത് ഇടതാണോ വലതാണോ എന്ന് ചോദിക്കാറില്ല. ഉരുൾപൊട്ടൽ പാർട്ടി ഓഫീസിനെയും സാധാരണക്കാരന്റെ വീടിനെയും വേർതിരിക്കാറില്ല. കടലാക്രമണം ജാതിയോ മതമോ അന്വേഷിക്കാറില്ല. അതുകൊണ്ടുതന്നെ ദുരന്തത്തെ നേരിടുന്ന ഭരണവും രാഷ്ട്രീയ അതിർത്തികൾക്കപ്പുറത്തായിരിക്കണം. കേരളം ഇതിനുമുമ്പും മഹാപ്രളയങ്ങളെയും മഹാദുരന്തങ്ങളെയും അതിജീവിച്ചിട്ടുണ്ട്. അന്നെല്ലാം സർക്കാർ സംവിധാനങ്ങളും ജനങ്ങളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് നിന്ന അനുഭവങ്ങളാണ് ഈ നാടിന്റെ കരുത്ത്. ഭരണനേതൃത്വം 24 മണിക്കൂറും സ്ഥിതിഗതികൾ വിലയിരുത്തുകയും ജനങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്ത അനുഭവങ്ങൾ കേരളം കണ്ടിട്ടുണ്ട്. ആ ആത്മവിശ്വാസമാണ് വീണ്ടും ജനങ്ങൾ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനമാണെന്ന് സർക്കാർ തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ധവളപത്രത്തിലൂടെ സാമ്പത്തിക ഞെരുക്കത്തിന്റെ യാഥാർഥ്യം ജനങ്ങളോട് പറഞ്ഞ അതേ സർക്കാർ ചെലവുകൾ, ഹെലികോപ്റ്റർ ഉപയോഗം, അനാവശ്യ ഭരണച്ചെലവുകൾ തുടങ്ങിയ വിഷയങ്ങളിലും മാതൃകാപരമായ മിതത്വം കാണിക്കേണ്ട ഉത്തരവാദിത്വമുണ്ട്. നിയമപരമായ ന്യായീകരണങ്ങൾ ഉണ്ടാകാം; പക്ഷേ പൊതുജനവിശ്വാസം നേടുന്നത് നിയമംകൊണ്ടല്ല, മാതൃകകൊണ്ടാണ്. ഈ ദുരന്തം മറ്റൊരു വലിയ പാഠവും നമ്മെ പഠിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് പഴയ രീതിയിലുള്ള ദുരന്തനിവാരണം മതിയാകില്ല. കൂടുതൽ കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ, ശാസ്ത്രീയ മുന്നറിയിപ്പ് സംവിധാനം, അണക്കെട്ടുകളുടെ ഏകോപിത നിയന്ത്രണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി തത്സമയ ബന്ധം, അതിവേഗ ഒഴിപ്പിക്കൽ സംവിധാനം, ദുരിതാശ്വാസ ക്യാമ്പുകളുടെ നിലവാരം മെച്ചപ്പെടുത്തൽ-ഇവ ഇനി നാളെയുടെ ചർച്ചകളല്ല; ഇന്നുതന്നെ നടപ്പാക്കേണ്ട അടിയന്തര ആവശ്യങ്ങളാണ്. ദുരന്തമുഖത്ത് അനാവശ്യ രാഷ്ട്രീയ വിവാദങ്ങൾ കൊണ്ട് ജനങ്ങളുടെ കണ്ണീരെ ചെറുതാക്കരുത്. അതേസമയം, ഭരണത്തിലെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുന്നത് രാഷ്ട്രീയം മാത്രമാണെന്ന് പറഞ്ഞ് തള്ളിക്കളയാനും പാടില്ല. വിമർശനങ്ങൾ ഉണ്ടാകുമ്പോൾ അതിൽ നിന്ന് പാഠം ഉൾക്കൊള്ളുന്ന ഭരണമാണ് ജനങ്ങളുടെ വിശ്വാസം നേടുന്നത്. കേരളത്തിന്റെ ചരിത്രം ദുരന്തങ്ങളെ അതിജീവിച്ചതിന്റെ ചരിത്രമാണ്. അതിന് കാരണം ഈ നാടിന്റെ മാനവികതയാണ്. അയൽവാസിയുടെ വേദന സ്വന്തം വേദനയായി ഏറ്റെടുക്കുന്ന മനസ്സാണ്. ആ മനുഷ്യത്വത്തെ ഭരണവും പ്രതിഫലിപ്പിക്കണം. അധികാരത്തിന്റെ ഉയരത്തിൽ നിന്ന് ജനങ്ങളെ നോക്കിക്കാണുന്ന സമീപനമല്ല, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി അവരുടെ കൈ പിടിക്കുന്ന സമീപനമാണ് ഇന്ന് കേരളത്തിന് ആവശ്യം. കാരണം, ദുരന്തകാലത്ത് ജനങ്ങൾ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് രാഷ്ട്രീയം അല്ല-മാനവികതയാണ്. അധികാരം അല്ല-ആശ്വാസമാണ്. വിശദീകരണങ്ങൾ അല്ല-സാന്നിധ്യമാണ്.
4

