Home Keralaഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 സിപിഐഎം പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 സിപിഐഎം പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

by news_desk
0 comments

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ ഒമ്പത് സിപിഐഎം പ്രവർത്തകർക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദീർഘകാലമായി റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികൾക്കാണ് ജസ്റ്റിസ് ബെഞ്ച് ആശ്വാസം നൽകിയത്. ആക്രമണം ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, പ്രതികൾ ഇതിനകം 67 ദിവസമായി ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും, കേസിന്റെ അന്വേഷണം ഏകദേശം പൂർത്തിയായിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പ്രതികൾ കന്റോൺമെന്റ് എസിക്ക് മുമ്പാകെ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

കേസ് പരിഗണിക്കുന്നതിനിടയിൽ ഹൈക്കോടതി പോലീസിന്റെ അന്വേഷണ രീതിക്കെതിരെയും വിമർശനം ഉന്നയിച്ചു. പ്രഥമദൃഷ്ട്യാ വധശ്രമം പോലുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് നിരീക്ഷിച്ച കോടതി, ഉദ്യോഗസ്ഥർക്ക് ഏറ്റ പരിക്കുകൾ ഗുരുതരമല്ലെന്നും വ്യക്തമാക്കി. പ്രതികൾ 67 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞിട്ടും സംഭവത്തിൽ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇനിയെന്തിനാണ് പ്രതികൾ കസ്റ്റഡിയിൽ തുടരേണ്ടതെന്നും കോടതി വാദത്തിനിടയിൽ ചോദിച്ചു.

കഴിഞ്ഞ മെയ് 27-നാണ് സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത്. ഈ കേസിൽ പ്രതിയായ ടി. വീണ താമസിക്കുന്ന വീട് എന്ന നിലയിലാണ് ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ ഇഡി സംഘം പരിശോധന നടത്തിയത്. ഇതിനെത്തുടർന്ന്, ഇഡി പിണറായി വിജയനെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നാരോപിച്ച് സിപിഐഎം പ്രവർത്തകർ വീടിനുമുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്നു. തുടർന്ന് റെയ്ഡ് പൂർത്തിയാക്കി പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനം സിപിഐഎം പ്രവർത്തകർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

You may also like