Home Top Storiesകനത്ത മഴ, തൃശൂരിലും അവധി പ്രഖ്യാപിച്ചു; സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ, തൃശൂരിലും അവധി പ്രഖ്യാപിച്ചു; സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

by news_desk1
0 comments

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പിനെ തുടർന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (08.08.2026) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. കാസർകോട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വയനാട് ജില്ലയിൽ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, കോച്ചിംഗ് ക്ലാസുകൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ല. റസിഡൻഷ്യൽ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ സുരക്ഷ സ്ഥാപന മേധാവികൾ ഉറപ്പാക്കണമെന്നും, ആവശ്യമെങ്കിൽ അവിടെയും അവധി നൽകാമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മലയോര, തീരദേശ മേഖലകളിൽ ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾക്കും മാറ്റമില്ല.

അതേസമയം, ജലാശയങ്ങൾ, പുഴകൾ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും, മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും വിനോദയാത്രകളും പരമാവധി ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കരകവിഞ്ഞൊഴുകുന്ന പുഴകളിലും പാലങ്ങളിലും സെൽഫിയെടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുന്ന സമയങ്ങളിൽ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, വെള്ളക്കെട്ടുള്ളതോ തകർച്ചയ്ക്ക് സാധ്യതയുള്ളതോ ആയ റോഡുകളിലൂടെ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

You may also like