Home Keralaപ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴ; ഉദ്യോഗസ്ഥന്റെ സസ്പെൻഷനിൽ മോട്ടോർ വാഹന വകുപ്പ് പ്രതിഷേധത്തിൽ

പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴ; ഉദ്യോഗസ്ഥന്റെ സസ്പെൻഷനിൽ മോട്ടോർ വാഹന വകുപ്പ് പ്രതിഷേധത്തിൽ

by news_desk1
0 comments

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് അധിക ലൈറ്റുകൾ ഘടിപ്പിച്ചതിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രതിഷേധം. വാഹനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന്റെ ലക്ഷണമുണ്ടായിരുന്നില്ലെന്നും തീവ്രപ്രകാശമുള്ള ആറ് അനധികൃത ലൈറ്റുകൾ ഉൾപ്പെടെ കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയതെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

ആറന്മുളയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവമായിരുന്ന വാഹനത്തിന് പിഴ ചുമത്തിയതിനാണ് അടൂർ ആർടിഒയിലെ എഎംവിഐ ബി.എസ്. ലൈജുവിനെ സസ്പെൻഡ് ചെയ്തത്. പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗതമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ.

അതേസമയം, അടൂർ ആശുപത്രി ജംഗ്ഷന് സമീപം ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് വാഹനം പരിശോധിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വാഹനത്തിന്റെ നാല് ടയറുകളും പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. ആറ് അനധികൃത ലൈറ്റുകളും കണ്ടെത്തി. വാഹനത്തിന്റെ മലിനീകരണ സർട്ടിഫിക്കറ്റിന്റെ കാലാവധിയും കഴിഞ്ഞിരുന്നു.

വാഹനത്തിൽ ദുരിതാശ്വാസ സാമഗ്രികൾ ഉണ്ടായിരുന്നില്ലെന്നും ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അമിത ലൈറ്റുകൾ ഘടിപ്പിച്ചതിന് 5,000 രൂപയും മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2,000 രൂപയുമാണ് പിഴ ചുമത്തിയത്. പിന്നീട് ഉടമ മലിനീകരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ ആ പിഴ ഒഴിവാക്കി.

2024 മാർച്ചിലും ഈ വർഷം ഏപ്രിലിലും ഇതേ വാഹനത്തിന് പിഴ ചുമത്തിയിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

സസ്പെൻഷനെതിരെ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് മോട്ടോർ വാഹന വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നീക്കം. എന്നാൽ, പ്രളയത്തിൽ അകപ്പെട്ടവരെ മാറ്റാൻ ഉപയോഗിച്ച വാഹനമാണെന്ന പരിഗണന ഉദ്യോഗസ്ഥൻ നൽകിയില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം.

You may also like