കോട്ടയം/കണ്ണൂർ: കുഞ്ഞിനെ വിൽപ്പന നടത്തിയെന്ന കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂർ ചക്കരക്കൽ പൊലീസ്. തമിഴ്നാട് സ്വദേശി മുപ്പിലി രാജ, വാഗമൺ സ്വദേശി അപർണ, കൊല്ലം പരവൂർ സ്വദേശി അനീന തസ്നി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പാലാ, കോട്ടയം ജയിലുകളിൽ എത്തിയാണ് ചക്കരക്കൽ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
കോട്ടയം തീക്കോയിയിൽ അസം സ്വദേശിയായ ഗർഭിണിയെ തടവിലാക്കി നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് കുട്ടികളെ വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരം പുറത്തറിയുന്നത്. വീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിനെ തുടർന്നാണ് അസം സ്വദേശിയായ യുവതി തീക്കോയിയിലെ കേന്ദ്രത്തിലെത്തിയത്.
സാമൂഹികമാധ്യമങ്ങൾ വഴിയാണ് യുവതി ഈ കേന്ദ്രത്തെക്കുറിച്ച് അറിഞ്ഞത്. പ്രസവത്തിനുള്ള സൗകര്യവും കുഞ്ഞിനെ വളർത്താനുള്ള സഹായവും നൽകാമെന്ന് പ്രതികൾ യുവതിക്ക് വാഗ്ദാനം ചെയ്തിരുന്നു. ട്രെയിൻ ടിക്കറ്റിനും പണത്തിനുമുള്ള സഹായം നൽകി യുവതിയെ തീക്കോയിയിൽ എത്തിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
എന്നാൽ തീക്കോയിയിലെത്തിയ യുവതിയെ തടവിലാക്കുകയും കുഞ്ഞിനെ കൈമാറിയാൽ മൂന്ന് ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തെന്നാണ് കേസ്. തുടർന്ന് യുവതി അവിടെനിന്ന് രക്ഷപ്പെട്ട് പൊലീസിനെ വിവരമറിയിച്ചു. ഇതിന് പിന്നാലെ ഈരാറ്റുപേട്ട പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുട്ടികളെ വിൽപ്പന നടത്തുന്ന സംഘത്തിന്റെ ഭാഗമാണെന്ന വിവരം പുറത്തുവന്നത്. നേരത്തെയും രണ്ട് കുഞ്ഞുങ്ങളെ വിൽപ്പന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴയിലും കണ്ണൂർ ചക്കരക്കല്ലിലുമാണ് ഈ കുട്ടികളെ വിൽപ്പന നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
കണ്ണൂരിൽ വാരം സ്വദേശികൾക്കാണ് കുഞ്ഞിനെ വിൽപ്പന നടത്തിയതെന്നാണ് അന്വേഷണത്തിലെ വിവരം. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് തൊടുപുഴ പൊലീസും കണ്ണൂർ ചക്കരക്കൽ പൊലീസും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തീക്കോയി കേസിൽ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിലായി നടന്ന കുട്ടികളുടെ വിൽപ്പന സംബന്ധിച്ച അന്വേഷണവും തുടരുകയാണ്.
