Home Nationalകാവേരി ജലതർക്കത്തിൽ കർണാടക സർക്കാരിന് തിരിച്ചടി; തമിഴ്നാടിന് വെള്ളം നൽകാൻ ഉത്തരവ്, കോൺഗ്രസ് സർക്കാർ സമ്മർദത്തിൽ

കാവേരി ജലതർക്കത്തിൽ കർണാടക സർക്കാരിന് തിരിച്ചടി; തമിഴ്നാടിന് വെള്ളം നൽകാൻ ഉത്തരവ്, കോൺഗ്രസ് സർക്കാർ സമ്മർദത്തിൽ

by news_desk1
0 comments

ബെംഗളൂരു: കാവേരി ജലതർക്കത്തിൽ വീണ്ടും തിരിച്ചടി നേരിട്ടതോടെ കർണാടകത്തിലെ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിൽ. തമിഴ്നാടിന് വെള്ളം വിട്ടുനൽകണമെന്ന കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റി (CWRC) ഉത്തരവിനെതിരെ കർഷക, കന്നഡ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. വ്യാഴാഴ്ച കർണാടക ബന്ദിന് ആഹ്വാനം ചെയ്തതോടെ സർക്കാരിന് മേൽ സമ്മർദം ശക്തമായി. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സർക്കാർ.

തമിഴ്നാടിന് ദിവസം 12 ക്യുസെക്സ് വീതം ആകെ 12 ടിഎംസി വെള്ളം വിട്ടുനൽകണമെന്ന CWRC ഉത്തരവാണ് സർക്കാരിനെ ധർമസങ്കടത്തിലാക്കിയത്. ഇന്നലെ വൈകിട്ട് ചേർന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി യോഗവും ഉത്തരവ് ശരിവച്ചതോടെ പ്രതിഷേധം ശക്തമായി. മാണ്ഡ്യയിലും മറ്റ് പ്രദേശങ്ങളിലും വെള്ളം വിട്ടുനൽകരുതെന്നാവശ്യപ്പെട്ട് കർഷകർ രംഗത്തെത്തി. വിവിധ കന്നഡ സംഘടനകളും പ്രതിപക്ഷവും പ്രതിഷേധത്തിന് പിന്തുണ നൽകിയതോടെ സർക്കാർ കടുത്ത സമ്മർദത്തിലാണ്.

തമിഴ്നാട് വെള്ളം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കർണാടകയുടെ പ്രതീക്ഷ. മഴയുടെ ലഭ്യതയിലുണ്ടായ കുറവും അണക്കെട്ടുകളിലെ നിലവിലെ ജലനിരപ്പും ഉൾപ്പെടെയുള്ള കണക്കുകൾ ചൂണ്ടിക്കാട്ടി തമിഴ്നാടിന്റെ ആവശ്യം എതിർക്കാനാണ് കർണാടകയുടെ നീക്കം.

കാവേരി പദ്ധതിയിൽ ഉൾപ്പെട്ട നാല് അണക്കെട്ടുകളിലായി നിലവിൽ 88 ടിഎംസി വെള്ളമാണുള്ളത്. പരമാവധി സംഭരണശേഷിയേക്കാൾ 40.35 ടിഎംസി കുറവാണിത്. ഇതിൽ 12 ടിഎംസി തമിഴ്നാടിന് നൽകിയാൽ കർണാടകയിൽ ജലപ്രതിസന്ധി രൂക്ഷമാകുമെന്നാണ് സർക്കാർ വാദിക്കുക. എന്നാൽ കരാർ പ്രകാരം ജൂൺ ഒന്ന് മുതൽ നൽകേണ്ട 49 ടിഎംസി വെള്ളത്തിൽ 8.3 ടിഎംസി മാത്രമാണ് ഇതുവരെ നൽകിയതെന്ന് തമിഴ്നാട് തെളിവുകൾ സഹിതം വാദിച്ചാൽ കർണാടകയുടെ പ്രതിരോധം എത്രത്തോളം ഫലപ്രദമാകുമെന്നത് സുപ്രീംകോടതി നടപടികളിൽ വ്യക്തമാകും.

You may also like