ദില്ലി: ബസിനുള്ളിൽ പുകമണം അനുഭവപ്പെടുന്നുവെന്ന് യാത്രക്കാർ പലതവണ അറിയിച്ചിട്ടും ജീവനക്കാർ അത് അവഗണിച്ചതായി എഫ്ഐആർ. യമുന എക്സ്പ്രസ്വേയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒൻപത് യാത്രക്കാർ മരിച്ച സംഭവത്തിലാണ് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
ഡ്രൈവറും കണ്ടക്ടറും ബസിനുള്ളിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്നതിനെ യാത്രക്കാർ എതിർത്തിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ ഇത് ജീവനക്കാർ പരിഹാസത്തോടെ തള്ളിക്കളയുകയും യാത്രക്കാരോട് മിണ്ടാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായും രേഖകളിലുണ്ട്. ബസിനുള്ളിൽ പുകമണം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മുൻഭാഗത്തുനിന്ന് തീ പടർന്നതെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
യാത്രക്കാർ ബഹളംവെച്ചപ്പോൾ “നിങ്ങൾ ചത്താലും എനിക്ക് പ്രശ്നമില്ല, ഞാൻ ബസ് നിർത്താൻ പോകുന്നില്ല” എന്ന് ഡ്രൈവർ പറഞ്ഞതായും എഫ്ഐആറിൽ പറയുന്നു.
ദില്ലിയിൽനിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് പോയ ബിഹാർ രജിസ്ട്രേഷനിലുള്ള ‘രാജ് കൽപന ട്രാവൽസ്’ എന്ന സ്ലീപ്പർ ബസാണ് കത്തിയമർന്നത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് തീ പടരുകയും ബസിനുള്ളിൽ പുക നിറയുകയും ചെയ്തതോടെ യാത്രക്കാർക്ക് രക്ഷപ്പെടാൻ ബുദ്ധിമുട്ടായി. ഒൻപത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബസിന്റെ എസി പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ എഞ്ചിൻ ഓയിലിലേക്ക് വ്യാപിച്ചതോടെ അപകടം കൂടുതൽ രൂക്ഷമായെന്നും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽനിന്ന് രക്ഷപ്പെട്ട ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തിൽപ്പെട്ട ബസിനെതിരെ വിവിധ നിയമലംഘനങ്ങളുടെ പേരിൽ 60ലധികം പിഴ ചുമത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 1.7 ലക്ഷത്തിലധികം രൂപയുടെ പിഴ ഇനിയും അടയ്ക്കാനുണ്ടെന്നും റിപ്പോർട്ടുണ്ട്.
