തിരുവനന്തപുരം: മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയം കൈമാറിയതിൽ ഗുരുതര വീഴ്ചകളുണ്ടായതായി കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് അഞ്ച് കോടി രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും വിനോദ നികുതിയും ഒഴിവാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ക്യാബിനറ്റിന്റെയും ധനകാര്യ വകുപ്പിന്റെയും അനുമതിയില്ലാതെയുള്ള നടപടി നിയമവിരുദ്ധമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സ്പോൺസറിൽ നിന്ന് പണം തിരികെ പിടിക്കണമെന്ന് കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. അന്തിമ കരാർ തയ്യാറാക്കുന്നതിന് മുമ്പ് സ്റ്റേഡിയം സ്പോൺസർക്ക് ജിസിഡിഎ വിട്ടുനൽകിയതും വീഴ്ചയായാണ് റിപ്പോർട്ടിൽ വിലയിരുത്തുന്നത്.
പൊതുമുതൽ വിട്ടുനൽകുമ്പോൾ തയ്യാറാക്കേണ്ട രേഖകളൊന്നും ഫയലിൽ ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്റ്റേഡിയം അവലോകന കമ്മിറ്റിയിൽ ചട്ടങ്ങൾ മറികടന്ന് സ്വകാര്യ സ്പോൺസറെ ഉൾപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
മുഴുവൻ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും ലാഭം മുഴുവൻ സ്പോൺസർക്ക് ലഭിക്കുന്ന രീതിയിലാണ് കരട് കരാർ തയ്യാറാക്കിയതെന്നും കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
