Home Top Storiesവന്ദേമാതരം വിവാദം: ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ; അതൃപ്തി പരസ്യമാക്കി വിഎച്ച്പി

വന്ദേമാതരം വിവാദം: ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ; അതൃപ്തി പരസ്യമാക്കി വിഎച്ച്പി

by news_desk1
0 comments

ദില്ലി: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് സേവാദൾ നേതൃത്വം വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബി.വി. ശ്രീനിവാസും മുൻ അധ്യക്ഷൻ ലാൽജി ദേശായിയും നേതൃത്വത്തിന് കാര്യങ്ങൾ വിശദീകരിച്ചു. ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന നിർദേശം ഗായകസംഘത്തിന് നൽകാൻ വിട്ടുപോയതാണ് പൂർണ ഗാനം ആലപിക്കാനിടയായതെന്നാണ് വിശദീകരണമെന്നാണ് സൂചന.

അതേസമയം, വന്ദേമാതരം ആലാപനം തടയാൻ ശ്രമിച്ചെന്നാരോപിച്ച് സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ബിജെപിയിൽ ആലോചന ശക്തമായി. വിശ്വഹിന്ദു പരിഷത്തും സംഭവത്തിൽ അതൃപ്തി പരസ്യമാക്കി. സോണിയ ഗാന്ധിയുടെ നടപടി രാജ്യത്തിന് നാണക്കേടായെന്നും വന്ദേമാതരം ആലപിച്ച് തീരുന്നതുവരെ കാത്തിരിക്കാമായിരുന്നുവെന്നും വിഎച്ച്പി വക്താവ് സുരേന്ദ്ര ജെയിൻ പ്രതികരിച്ചു.

സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് ഇതാദ്യമായാണ് വന്ദേമാതരം പൂർണമായി ആലപിച്ചത്. പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി പൂർണ ഗാനം ആലപിക്കപ്പെട്ടതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവർ ഇടപെട്ട് ആലാപനം നിർത്താൻ ശ്രമിച്ചെങ്കിലും ഗായകസംഘം പൂർണമായും ഗാനം ആലപിക്കുകയായിരുന്നു.

ആദ്യ രണ്ട് ചരണങ്ങൾ കഴിഞ്ഞും ആലാപനം തുടരുന്നതിനിടെ നേതാക്കൾ അസ്വസ്ഥരായതായാണ് വിവരം. തുടർന്ന് രാഹുൽ ഗാന്ധി സോണിയ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും നോക്കി സൂചന നൽകിയതായും ഇരുവരും സേവാദൾ നേതാവിനോട് ഇടപെട്ടതായും റിപ്പോർട്ടുണ്ട്. സോണിയ ഗാന്ധി സേവാദൾ നേതാവിനെ വിളിച്ച് ശകാരിക്കുന്നതായും മുന്നിലുണ്ടായിരുന്ന നേതാക്കളോട് ആലാപനം അവസാനിപ്പിക്കാൻ ആംഗ്യം കാണിക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അപ്പോഴേക്കും ഗാനം അവസാന ഘട്ടത്തിലെത്തിയിരുന്നു.

സംഭവത്തിൽ കടുത്ത അതൃപ്തിയോടെയാണ് നേതാക്കൾ പിന്നീട് ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിവരം. വന്ദേമാതരം പൂർണമായി ആലപിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

You may also like