തിരുവനന്തപുരം: ഡിവൈഎഫ്ഐ ഭാരവാഹികളുടെ പ്രായപരിധി 38 വയസായി കുറയ്ക്കാനുള്ള നിർദേശത്തിനെതിരെ സംഘടനയിലെ ഒരുവിഭാഗം നേതാക്കൾ രംഗത്ത്. ഇഷ്ടമില്ലാത്തവരെ നേതൃത്വത്തിൽ നിന്ന് ഒഴിവാക്കുന്നതിനാണ് പ്രായപരിധി കുറയ്ക്കുന്നതെന്നാണ് നേതാക്കളുടെ വിമർശനം. നിലവിലെ 40 വയസ് പ്രായപരിധി 38 ആയി കുറയ്ക്കാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മുന്നോട്ടുവച്ച നിർദേശം.
കഴിഞ്ഞ ദിവസം എം.വി. ഗോവിന്ദൻ വിളിച്ചുചേർത്ത ഫ്രാക്ഷൻ യോഗത്തിലാണ് പ്രായപരിധി 38 വയസാക്കണമെന്ന നിർദേശം മുന്നോട്ടുവന്നത്. എന്നാൽ പാർട്ടി സെക്രട്ടറിയുടെ നിർദേശം പാർട്ടിയുടെ ഔദ്യോഗിക തീരുമാനമായി കണക്കാക്കാനാകില്ലെന്നാണ് ഒരുവിഭാഗം നേതാക്കളുടെ നിലപാട്. പ്രായപരിധി സംബന്ധിച്ച അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് എടുക്കേണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഡിവൈഎഫ്ഐയുടെ കേന്ദ്രതല നേതാക്കളിൽ ഉൾപ്പെടെ 40 വയസ് പിന്നിട്ടവരുണ്ടെന്നും അതിനാൽ 38 വയസ് എന്ന പരിധി അംഗീകരിക്കാനാകില്ലെന്നുമാണ് നേതാക്കളുടെ വാദം. നിലവിൽ ഡിവൈഎഫ്ഐ ഭാരവാഹികളുടെ പ്രായപരിധി 40 വയസാണ്.
അതേസമയം, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിനെ ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റാക്കാൻ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാൽ ഡിവൈഎഫ്ഐയുടെ ആദ്യ സംസ്ഥാന വനിതാ പ്രസിഡന്റായി ചിന്ത ജെറോം മാറും. നിലവിൽ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗമാണ് ചിന്ത.
എം.വി. ഗോവിന്ദനാണ് ഫ്രാക്ഷൻ യോഗത്തിൽ പുതിയ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചത്. തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രന്റെ പേരും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നെങ്കിലും പരിഗണിച്ചില്ല.
