തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ദേശീയ ഗാനം മാത്രമാണ് നിർബന്ധമെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം വിവാദമായതിനാലാണ് കേരളത്തിൽ ആലപിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം എതിർത്തതുകൊണ്ടാണ് വന്ദേമാതരം ആലപിക്കാതിരുന്നതെന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപിയുടെ പ്രതികരണത്തോടും മന്ത്രി പ്രതികരിച്ചു. “ഇമ്മാതിരി തള്ള് തള്ളരുത്” എന്നായിരുന്നു കെ. മുരളീധരന്റെ പരിഹാസം.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതാണ് നേരത്തെ വിവാദമായത്. ഗാനം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധി തടയാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നേതാക്കൾ ഇടപെട്ടിട്ടും ഏകദേശം മൂന്ന് മിനിറ്റോളം ഗാനം പൂർണമായി ആലപിക്കുകയായിരുന്നു. ആദ്യ രണ്ട് ചരണങ്ങൾക്ക് ശേഷം പ്രത്യേക മതവിഭാഗത്തിലെ ദൈവങ്ങളെ പ്രകീർത്തിക്കുന്ന വരികൾ എത്തിയപ്പോഴാണ് സോണിയ ഗാന്ധി ഇടപെട്ടതെന്നാണ് ആരോപണം. മല്ലികാർജുൻ ഖർഗെയും ആദ്യം നീരസം പ്രകടിപ്പിച്ചെങ്കിലും വന്ദേമാതരം പൂർണമായി ആലപിച്ചു.
അതേസമയം, മല്ലികാർജുൻ ഖർഗെയ്ക്കായി കസേര കൊണ്ടുവരാൻ സോണിയ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളോട് വിശദീകരിച്ചത്. വന്ദേമാതരത്തെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ അവഹേളിച്ചുവെന്നാരോപിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിലാണ് ബിജെപി.
