Home Top Storiesബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിലെ നാലരക്കോടി പരാമർശത്തിൽ മലക്കം മറിഞ്ഞ് പി.സി. ജോർജ്; പ്രാദേശിക നേതാക്കൾ തെറ്റിദ്ധരിപ്പിച്ചെന്ന് വിശദീകരണം

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിലെ നാലരക്കോടി പരാമർശത്തിൽ മലക്കം മറിഞ്ഞ് പി.സി. ജോർജ്; പ്രാദേശിക നേതാക്കൾ തെറ്റിദ്ധരിപ്പിച്ചെന്ന് വിശദീകരണം

by news_desk1
0 comments

കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി നാലരക്കോടി രൂപ എത്തിയെന്ന വെളിപ്പെടുത്തലിൽ നിലപാട് തിരുത്തി പി.സി. ജോർജ്. പ്രാദേശിക നേതാക്കൾ തെറ്റിദ്ധരിപ്പിച്ചതാണെന്നും പണം ആരും മോഷ്ടിച്ചിട്ടില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനായി ആകെ ചെലവഴിക്കാവുന്ന തുക 40 ലക്ഷം രൂപയായിരിക്കെ, പൂഞ്ഞാറിൽ നാലരക്കോടി രൂപ എത്തിയെന്ന പി.സി. ജോർജിന്റെ പരാമർശത്തിൽ ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം തന്റെ മുൻ പരാമർശങ്ങളിൽ വിശദീകരണവുമായി രംഗത്തെത്തിയത്.

പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച് തനിക്ക് കൃത്യമായ അറിവുണ്ടായിരുന്നില്ലെന്നും ബിജെപിയുടെ രണ്ട് പ്രാദേശിക നേതാക്കൾ നാലരക്കോടി രൂപ എത്തിയതായി തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പി.സി. ജോർജ് പറഞ്ഞു. പ്രസംഗത്തിന് ശേഷം പാർട്ടി നേതൃത്വം കണക്കുകൾ കാണിച്ചെന്നും 100 രൂപ ചെലവാക്കിയതുപോലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആരും പണം മോഷ്ടിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതായും ബിജെപി നേതാവ് സജിയാണ് പണം കൈകാര്യം ചെയ്തതെന്നും പി.സി. ജോർജ് പറഞ്ഞു. സജി മാന്യനാണെന്നും അഞ്ചുപൈസ പോലും മുക്കുന്നയാളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എരുമേലിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം ശരിയായിരുന്നില്ലെന്നും അതിൽ ക്ഷമ ചോദിക്കുന്നുവെന്നും പി.സി. ജോർജ് പറഞ്ഞു.

കഴിഞ്ഞ മാസം എരുമേലിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പൂഞ്ഞാറിൽ ബിജെപി നേതൃത്വത്തിന് ലഭിച്ച തെരഞ്ഞെടുപ്പ് ഫണ്ടിൽ ക്രമക്കേട് നടന്നതായി പി.സി. ജോർജ് ആരോപിച്ചത്. പൂഞ്ഞാറിലേക്ക് ബിജെപി നേതൃത്വം നാലരക്കോടി രൂപ നൽകിയെന്നും ആരൊക്കെയാണ് പണം വീതംവെച്ചെടുത്തതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

ബിജെപി നേതാവ് സജിയാണ് പണം കൈകാര്യം ചെയ്തതെന്നും തെരഞ്ഞെടുപ്പിന് ശേഷം നാല് കോടി 45 ലക്ഷം രൂപ ചെലവായതായി കണക്ക് നൽകിയെന്നും പി.സി. ജോർജ് അന്ന് ആരോപിച്ചിരുന്നു. ഒരു ബൂത്തിന് 31,000 രൂപ നൽകണമെന്ന നിർദേശം പാലിക്കപ്പെട്ടില്ലെന്നും പണം എവിടെ പോയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞിരുന്നു. ബിജെപിയുടെ പണം ഉപയോഗിച്ച് നേതാക്കൾ പുതിയ കാറുകൾ വാങ്ങുകയാണെന്നും പി.സി. ജോർജ് അന്ന് ആരോപിച്ചിരുന്നു.

You may also like