Home Keralaബ്ലീച്ചിംഗ് പൗഡർ അഴിമതി അന്വേഷണം; റിപ്പോർട്ടിൽ അതൃപ്തി, ക്രമക്കേട് നടത്തിയവരെ വെള്ളപൂശിയെന്ന് ആരോഗ്യമന്ത്രി

ബ്ലീച്ചിംഗ് പൗഡർ അഴിമതി അന്വേഷണം; റിപ്പോർട്ടിൽ അതൃപ്തി, ക്രമക്കേട് നടത്തിയവരെ വെള്ളപൂശിയെന്ന് ആരോഗ്യമന്ത്രി

by news_desk1
0 comments

തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ ആരോഗ്യ മന്ത്രി കെ. മുരളീധരന് കടുത്ത അതൃപ്തി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് മന്ത്രിക്ക് അസംതൃപ്തി. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുന്ന തരത്തിലാണ് റിപ്പോർട്ടെന്നാണ് വിലയിരുത്തൽ.

മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ഉയർന്ന വിലയ്ക്ക് ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിലാണ് അന്വേഷണം നടത്തിയത്. 7.32 കോടി രൂപയുടെ ഇടപാടാണ് വിവാദമായത്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ക്രമക്കേടുകൾ നടത്തിയവരെ വെള്ളപൂശുന്നതാണെന്നാണ് ആരോഗ്യ മന്ത്രിയുടെ വിലയിരുത്തൽ.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബ്ലീച്ചിംഗ് പൗഡർ വാങ്ങൽ നടന്നത്. മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്ന മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

കെ.എം.എസ്.സി.എൽ സ്വീകരിച്ച സംഭരണ നടപടിക്രമങ്ങൾ, ബാധകമായ ചട്ടങ്ങളും ടെൻഡർ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ, സാധനങ്ങൾ ന്യായമായ വിലയ്ക്കാണോ വാങ്ങിയത്, വാങ്ങിയ ബ്ലീച്ചിംഗ് പൗഡറിന്റെ ഗുണനിലവാരവും ഉപയോഗവും, സർക്കാർ ഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത്.

കണ്ടെത്തലുകളും തുടർ നടപടികൾക്കായുള്ള ശുപാർശകളും ഉൾപ്പെടുന്ന വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നാണ് ആരോഗ്യ മന്ത്രി നിർദേശിച്ചിരുന്നത്. എന്നാൽ ലഭിച്ച റിപ്പോർട്ടിൽ ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകളാണ് ഉള്ളതെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.

You may also like