തിരുവനന്തപുരം: കേരളത്തിലെ എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസമായി മെഡിക്കൽ പ്രവേശനത്തിനുള്ള സമയപരിധി നീട്ടി. പ്രവേശന നടപടികൾ ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 5 വരെ നീട്ടിയാണ് പുതിയ തീരുമാനം. ആദ്യ അലോട്ട്മെന്റ് പ്രകാരം വിദ്യാർഥികൾ ഓഗസ്റ്റ് 23നും 28നും ഇടയിൽ പ്രവേശനം നേടണമെന്നായിരുന്നു നിർദേശം.
പ്രവേശന തീയതി നീട്ടണമെന്ന ആവശ്യവുമായി ആരോഗ്യ മന്ത്രി കേന്ദ്ര സർക്കാരിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമയപരിധി നീട്ടാനുള്ള സർക്കാർ ഇടപെടൽ ഉണ്ടായത്.
എൻട്രൻസ് കമ്മീഷണർ നേരത്തെ പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ഓഗസ്റ്റ് 28 വരെയായിരുന്നു പ്രവേശനത്തിനുള്ള സമയപരിധി. എന്നാൽ പ്രവേശനം നേടേണ്ട ആറ് ദിവസങ്ങളിൽ രണ്ട് ദിവസം മാത്രമാണ് ബാങ്കുകൾ പ്രവർത്തിച്ചിരുന്നത്. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടേണ്ട വിദ്യാർഥികൾക്കാണ് ഇത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കിയത്. ഫീസ് അടയ്ക്കുന്നതിനുള്ള ചെല്ലാൻ ഉൾപ്പെടെയുള്ള നടപടികൾ മുടങ്ങാൻ സാധ്യതയുണ്ടെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയിരുന്നു.
അവധിദിനങ്ങളായതിനാൽ മെഡിക്കൽ കോളേജുകളിലും ആവശ്യത്തിന് ജീവനക്കാരുടെ സേവനം ലഭ്യമാകില്ലെന്ന ആശങ്കയും ഉണ്ടായിരുന്നു.
മെഡിക്കൽ പ്രവേശന അലോട്ട്മെന്റുമായി ബന്ധപ്പെട്ട ഈ പ്രതിസന്ധി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യ അലോട്ട്മെന്റ് പ്രകാരം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിദ്യാർഥികൾ പ്രവേശനം പൂർത്തിയാക്കേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ ഈ കാലയളവിൽ ബാങ്കുകൾ പ്രവർത്തിക്കുന്ന ദിവസങ്ങൾ വളരെ കുറവായിരുന്നു. ഓണം അവധി മറ്റ് സംസ്ഥാനങ്ങൾക്ക് ബാധകമല്ലാത്തതിനാലാണ് ഇത്തരമൊരു പ്രതിസന്ധി ഉണ്ടായത്.
അവധിദിനങ്ങൾ കൂടി പരിഗണിച്ച് പ്രവേശന തീയതി നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കൽ പ്രവേശന നടപടികളുടെ സമയപരിധി ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 5 വരെ നീട്ടാനുള്ള തീരുമാനം ഉണ്ടായത്.
