Home Keralaതെരഞ്ഞെടുപ്പ് കാലത്ത് എയിംസിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി; മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞു

തെരഞ്ഞെടുപ്പ് കാലത്ത് എയിംസിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി; മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞു

by news_desk1
0 comments

തൃശൂർ: എയിംസുമായി ബന്ധപ്പെട്ട മുൻ പ്രതികരണത്തിൽ നിലപാട് മാറ്റി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എയിംസിനെ കുറിച്ച് താൻ ഒരക്ഷരം പോലും ഉച്ചരിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി ഇപ്പോൾ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എയിംസുമായി ബന്ധപ്പെട്ട് ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും എല്ലാ പ്രസംഗങ്ങളും പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് ശേഷമാണ് തൃശൂർ എയിംസിന് അനുയോജ്യമാണെന്ന് പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു. കേരള സർക്കാർ വിചാരിച്ചാൽ മാത്രമേ എയിംസ് തൃശൂരിൽ വരികയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റത്തൂർ പഞ്ചായത്തിൽ 400 ഏക്കർ സ്ഥലമുണ്ടെന്നും ഉപയോഗശൂന്യമെന്ന് പറയാൻ കഴിയില്ലെങ്കിലും ഏറ്റെടുക്കാൻ കഴിയുന്ന സ്ഥലം മണ്ണുത്തിയിലും പൊലീസ് അക്കാദമിയിലുമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് വിഷയത്തിൽ മുൻ സർക്കാർ വിമുഖത കാട്ടിയിരുന്നെങ്കിലും നിലവിലെ സർക്കാർ അങ്ങനെ ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. എംഎൽഎമാർ ഉൾപ്പെടെ എല്ലാവരും ഒത്തുപിടിച്ചാൽ എയിംസിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് കാലത്ത് എയിംസിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന സുരേഷ് ഗോപിയുടെ വാദം ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. തൃശൂരിൽ മത്സരിക്കാൻ എത്തുന്നതിന് മുൻപ് തന്നെ എയിംസിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എയിംസ് ആലപ്പുഴയിൽ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ മുൻ നിലപാട്.

നേരത്തെ ‘എയിംസ് വരും കേട്ടോ മറ്റേ മോനേ’ എന്ന സുരേഷ് ഗോപിയുടെ പ്രതികരണവും വലിയ വിവാദമായിരുന്നു. അന്നും പ്രതികരണത്തിൽ നിന്ന് സുരേഷ് ഗോപി പിന്നീട് മലക്കം മറിഞ്ഞിരുന്നു.

You may also like