Home Editorialഓണം: ഓർമ്മകളിൽ നിന്ന് തിരിച്ചറിവിലേക്ക്

ഓണം: ഓർമ്മകളിൽ നിന്ന് തിരിച്ചറിവിലേക്ക്

by news_desk
0 comments

മാവേലി നാടുവാണീടും കാലം,
മാനുഷരെല്ലാരും ഒന്നുപോലെ…

മലയാളിയുടെ ഏറ്റവും വലിയ ഓർമ്മയും ആഘോഷവുമായ തിരുവോണം ഇന്ന്. മിത്തും ചരിത്രവും ചേർന്ന മാവേലിയുടെ സങ്കൽപ്പത്തിനപ്പുറം, “ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നു, ഉണ്ടാകണം” എന്ന മലയാളിയുടെ സാമൂഹിക സ്വപ്നത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഓണം. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും പങ്കുവെക്കലിന്റെയും നേർക്കാഴ്ചയാണ് ഈ ദേശീയോത്സവം. എന്നാൽ, മലയാളിയുടെ സ്വന്തം ഓണത്തിന് ഇന്ന് പേരും പെരുമയും ഏറെയുണ്ടെങ്കിലും അതിന്റെ സ്വാശ്രയത്വം എത്രത്തോളം ബാക്കിനിൽക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. പൂക്കളത്തിനുള്ള പൂക്കൾ മുതൽ സദ്യയിലെ പച്ചക്കറികളും പഴങ്ങളും വരെ അന്യസംസ്ഥാന വിപണിയെ ആശ്രയിക്കേണ്ട അവസ്ഥ. ഒരുകാലത്ത് കാർഷിക സമൃദ്ധിയുടെ ആഘോഷമായിരുന്ന ഓണം ഇന്ന് വിപണിയുടെ ലഭ്യതയ്ക്കനുസരിച്ച് ആഘോഷിക്കേണ്ടിവരുന്നു. കൃഷിയെ പതിയെ മറന്ന മലയാളിക്ക് ഓണം ഒരു തിരിച്ചറിവിന്റെ കാലമാകണം. മണ്ണിൽ നിന്ന് അകന്നുപോകുന്ന ആഘോഷത്തിന് എത്രമാത്രം മലയാളിത്തമുണ്ടാകും? സ്വന്തം നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന പൂവും പഴവും പച്ചക്കറിയും കൊണ്ട് ഓണം ആഘോഷിക്കാനുള്ള സ്വാശ്രയത്വത്തിലേക്ക് നമുക്ക് മടങ്ങാനാകണം. അത് ഒരു സാമ്പത്തിക ആവശ്യം മാത്രമല്ല; നമ്മുടെ സാംസ്കാരിക സ്വത്വം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കൂടിയാണ്. ഒത്തുചേരലുകളും ഇന്ന് പലപ്പോഴും ഓൺലൈൻ ലോകത്തെ പോസ്റ്റുകളിലും റീലുകളിലും കണ്ടന്റുകളിലും ഒതുങ്ങുകയാണ്. ഒരുമിച്ചിരുന്ന് ഊണുകഴിക്കാനും, അയൽക്കാരന്റെ വീട്ടിലേക്ക് ഓടിച്ചെല്ലാനും, കൈയിലുള്ളത് പങ്കുവെക്കാനും മലയാളി മറന്നുപോകുന്നുണ്ടോ എന്ന ആശങ്കയും ഈ ഓണക്കാലത്ത് ഉയരുന്നു. പ്രകൃതിയോടുള്ള അവഗണന സൃഷ്ടിക്കുന്ന ദുരന്തങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, തെരുവുനായ ഭീഷണി തുടങ്ങി നിരവധി പ്രതിസന്ധികളും നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ഓണം വെറും ആഘോഷമല്ല, തിരുത്തലിന്റെ സന്ദേശം കൂടിയാകണം. മനുഷ്യനും മണ്ണും പ്രകൃതിയും തമ്മിലുള്ള ബന്ധം വീണ്ടെടുക്കാനുള്ള പ്രതിജ്ഞയാകണം. എങ്കിലും പ്രതിസന്ധികൾക്ക് മുന്നിൽ തളരാത്ത ആത്മവിശ്വാസമാണ് മലയാളിയുടെ കരുത്ത്. ഓരോ കാലത്തെയും അതിജീവിച്ച് മുന്നേറുന്ന മലയാളി, മണ്ണിനെയും മനുഷ്യനെയും ചേർത്തുപിടിച്ച് ഒരുമയുടെ പുതിയ മാതൃകകൾ സൃഷ്ടിക്കുകയാണ്. പൂക്കളത്തിലെ ഓരോ നിറവും വ്യത്യസ്തമായിരിക്കുമ്പോഴും അവ ഒന്നിച്ചുചേരുമ്പോഴാണ് പൂക്കളം പൂർണമാകുന്നത്. അതുപോലെ വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യരെ ചേർത്തുനിർത്തുന്നതാണ് യഥാർഥ ഓണം.

സമത്വം സ്വപ്നമല്ല, ജീവിതമാകട്ടെ. പങ്കുവെക്കൽ ആചാരമല്ല, സംസ്കാരമാകട്ടെ.
മണ്ണിനെയും മനുഷ്യനെയും ചേർത്തുപിടിക്കുന്ന സ്വാശ്രയത്വം തിരിച്ചുവരട്ടെ.
മനുഷ്യരുടെ ഉള്ളിൽ നന്മയുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണപ്പൂക്കൾ വിരിയട്ടെ.

എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ.

You may also like