കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത. തൃശ്ശൂർ മണ്ണുത്തി മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിയായ ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. യുവതികളുടെ അടുത്ത സുഹൃത്തായ അനിലയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
മൂവരുടെയും കുടുംബങ്ങൾ ഒരേ ഫ്ലാറ്റ് സമുച്ചയത്തിലായിരുന്നു താമസിച്ചിരുന്നത്. ആനിനെ ഫ്ലാറ്റിലെ മുറിയിൽവച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്ലാറ്റിന് താഴേക്ക് വിളിച്ചുവരുത്തി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അഞ്ജനയെ ഇടിച്ചശേഷം കാർ നിർത്താതെ പോയതായും പറയുന്നു.
ആനിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് ഭർത്താവ് ഫ്ലാറ്റിലെത്തിയപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. കൊല്ലപ്പെട്ട അഞ്ജനയും ആനിയും കസ്റ്റഡിയിലുള്ള അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു. മൂന്ന് യുവതികളും കഴിഞ്ഞ ദിവസം ഓണാഘോഷത്തിൽ ഒരുമിച്ച് പങ്കെടുക്കുകയും തിയറ്ററിൽ ഒരുമിച്ച് സിനിമ കാണാൻ പോവുകയും ചെയ്തിരുന്നു.
അഞ്ജന അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറായ വിജേഷാണ് ഭർത്താവ്. ഇവർക്ക് ആറുവയസ്സുള്ള ഒരു മകളുണ്ട്. കോട്ടയം സ്വദേശിയായ ആനിന്റെ ഭർത്താവ് ജേക്കബ് എന്ന മിഥുൻ ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇവർക്ക് രണ്ട് മക്കളുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപ്പാർട്ട്മെന്റിന്റെ പാർക്കിങ് ഏരിയയിൽ നീലനിറത്തിലുള്ള കാർ ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം ഓടിച്ചുപോയതായി ദൃക്സാക്ഷികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. വാഹനം ഓടിച്ചത് സ്ത്രീയാണെന്നും ദൃക്സാക്ഷികൾ വിവരം നൽകി.
മിൽപീറ്റസ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ അഞ്ജന മരിച്ചിരുന്നു. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ അഞ്ജനയെ ഇടിച്ച കാർ മുൻഭാഗം തകർന്ന നിലയിൽ പൊലീസ് കണ്ടെത്തി. തുടർന്ന് വാഹനം ഓടിച്ച അനിലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അഞ്ജന കൊല്ലപ്പെട്ട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആനിന്റെ ഭർത്താവ് ജേക്കബാണ് ഫ്ലാറ്റിനുള്ളിൽ ഭാര്യയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കൊലപാതകങ്ങൾക്കും പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല
