അബുദാബി: യുഎഇ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം. യുഎഇയുടെ പ്രാദേശിക സമുദ്രാതിർത്തിയിൽ പ്രവേശിച്ച ഡ്രോൺ എയർ ഡിഫൻസ് സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, യുഎഇയിലെ അമേരിക്കൻ താവളം ആക്രമിച്ചതായി ഇറാൻ അവകാശവാദം ഉന്നയിച്ചു.
യുഎഇയുടെ പ്രാദേശിക സമുദ്രാതിർത്തിക്ക് മുകളിൽ പ്രവേശിച്ച ഇറാനിയൻ ഡ്രോൺ എയർ ഡിഫൻസ് സേന പ്രതിരോധിക്കുകയായിരുന്നു. സംഭവം യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിനെതിരെയുള്ള ഏത് തരത്തിലുള്ള ഭീഷണികളെയും ശക്തമായി നേരിടാൻ യുഎഇ സായുധ സേന പൂർണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ 24 മണിക്കൂറും എയർ ഡിഫൻസ് സംവിധാനം കൃത്യമായ നിരീക്ഷണവും പരിശോധനയും തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് പ്രതിരോധ മന്ത്രാലയം അഭ്യർത്ഥിച്ചു.
അതേസമയം, തങ്ങളുടെ ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ അറിയിച്ചെങ്കിലും, ഹോർമുസ് നേരത്തെ തന്നെ തുറന്നതായി അമേരിക്കയുടെ നിലപാട്. അമേരിക്ക ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ പരസ്യമായി അറിയിച്ചിരുന്നു. എന്നാൽ അതിനു മുൻപേ തന്നെ ഹോർമുസിലെ മൈനുകൾ നീക്കി കടലിടുക്ക് തുറന്നതായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതോടെ വിഷയത്തിൽ തീരുമാനം നീണ്ടു.
സാമ്പത്തിക ഉപരോധത്തിലൂടെ ഹോർമുസ് തുറക്കുന്നതിന് അപ്പുറമുള്ള കൂടുതൽ വിട്ടുവീഴ്ചകളിലേക്ക് ഇറാനെ എത്തിക്കാനാണ് അമേരിക്കയുടെ നീക്കമെന്നാണ് സൂചന. ഇറാനാകട്ടെ, നേരത്തെ ഒപ്പിട്ട സമാധാന ധാരണ പുനഃസ്ഥാപിച്ച് ഉപരോധങ്ങൾ ഒഴിവാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. നിലവിൽ വിഷയത്തിൽ ഖത്തറും തുർക്കിയും മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നുണ്ട്.
