ഓസ്ലോ: നോർവേ രാജാവ് ഹരാൾഡ് അഞ്ചാമൻ അന്തരിച്ചു. 89-ാം വയസ്സിലാണ് അന്ത്യം. യൂറോപ്പിലെ നിലവിലെ ഭരണാധികാരികളിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഹരാൾഡ് അഞ്ചാമൻ. 35 വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണത്തിനാണ് ഇതോടെ അവസാനമായത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യമെന്ന് കൊട്ടാരം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
1937ലാണ് ഹരാൾഡ് ജനിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനി നോർവേ ആക്രമിക്കുമ്പോൾ മൂന്ന് വയസ്സായിരുന്നു. യുദ്ധകാലത്ത് പിതാവ് ഓലാവ് രാജകുമാരനും മുത്തശ്ശൻ ഹാക്കോൺ ഏഴാമൻ രാജാവും ലണ്ടനിൽ ഒളിവിൽ കഴിയുകയും അവിടെ നിന്ന് ഭരണം നടത്തുകയും ചെയ്തപ്പോൾ, ഹരാൾഡ് ബാല്യകാലത്തിന്റെ ഒരു ഭാഗം അമേരിക്കയിൽ അഭയാർഥിയായി കഴിഞ്ഞു. യുദ്ധശേഷം നോർവേയിൽ തിരിച്ചെത്തിയ അദ്ദേഹം ഓക്സ്ഫോർഡ് സർവകലാശാലയിൽ ഉന്നതപഠനം പൂർത്തിയാക്കി.
1968ൽ സാധാരണ കുടുംബത്തിൽ നിന്നുള്ള സോൻജയെ ഹരാൾഡ് വിവാഹം കഴിച്ചു. സോൻജയെ വിവാഹം കഴിക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ അവിവാഹിതനായി തുടരുമെന്ന അദ്ദേഹത്തിന്റെ ദൃഢനിശ്ചയമാണ് രാജകുടുംബത്തിലെ പരമ്പരാഗത വിവാഹനിയമങ്ങളിൽ മാറ്റത്തിന് വഴിയൊരുക്കിയത്.
1991 ജനുവരി 21ന് പിതാവ് ഓലാവ് അഞ്ചാമൻ രാജാവിന്റെ മരണത്തെ തുടർന്നാണ് ഹരാൾഡ് അഞ്ചാമൻ സിംഹാസനത്തിലേറിയത്. ‘എല്ലാം നോർവേയ്ക്ക് വേണ്ടി’ എന്ന രാജകീയ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച അദ്ദേഹം നോർവീജിയൻ ജനതയുടെ സ്നേഹവും ബഹുമാനവും നേടിയ രാജാവായിരുന്നു.
2011ൽ 77 പേരുടെ ജീവനെടുത്ത ഒസ്ലോ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യം തകർന്നുപോയ ഘട്ടത്തിൽ, ഭയത്തേക്കാൾ വലുതാണ് ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമുള്ള വിശ്വാസമെന്ന് പ്രഖ്യാപിച്ച് അദ്ദേഹം രാജ്യത്തിന് ആശ്വാസം പകർന്നു. 2016ൽ എല്ലാ മതവിഭാഗങ്ങളെയും ലിംഗന്യൂനപക്ഷങ്ങളെയും ഉൾക്കൊള്ളുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന നോർവേയെക്കുറിച്ച് നടത്തിയ പ്രസംഗവും അദ്ദേഹത്തിന്റെ ഭരണകാലത്തെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നായിരുന്നു.
അവസാന കാലഘട്ടത്തിൽ ഹൃദയശസ്ത്രക്രിയ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളും അണുബാധയെ തുടർന്നുള്ള ആശുപത്രിവാസവും നേരിടേണ്ടിവന്നിരുന്നു. എന്നാൽ മരണം വരെ രാജ്യത്തെ സേവിക്കുമെന്ന പ്രതിജ്ഞയിൽ ഉറച്ചുനിന്ന അദ്ദേഹം സ്ഥാനമൊഴിയാൻ തയ്യാറായിരുന്നില്ല.
ഹരാൾഡ് അഞ്ചാമന്റെ വിയോഗത്തോടെ മകൻ ഹാക്കോൺ നോർവേയുടെ പുതിയ രാജാവായി ചുമതലയേൽക്കും.
