വടക്കാഞ്ചേരി: സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോട്ടോയിലുള്ളത് ബന്ധുവാണെന്ന് 90 ശതമാനം ഉറപ്പുണ്ടെന്നും ദാമോദര മേനോന്റെ അനന്തിരവളുടെ ഭർത്താവ് പറഞ്ഞു.
അമ്മാവനുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്തകളുടെ അടിസ്ഥാനത്തിൽ ദാമോദര മേനോനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നും അനന്തിരവളുടെ ഭർത്താവ് പ്രതികരിച്ചു. കരുണാകര മേനോന്റെ കരുമത്രയിലെ വീട്ടിലെത്തിയും പൊലീസ് വിവരങ്ങൾ അന്വേഷിച്ചിരുന്നു.
40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിലവിൽ അപകടത്തിൽപ്പെട്ട് ദാമോദര മേനോൻ ചികിത്സയിലാണ്.
നാട്ടിലെ വീട്ടുകാരുമായി ദാമോദര മേനോൻ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായും സഹോദരൻ കരുണാകരൻ പറഞ്ഞു.
