തൃശൂർ: പേരാമംഗലത്ത് വസ്ത്ര വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിൽ നിന്നാണ് 50 പവൻ സ്വർണം മോഷണം പോയത്. മകളുടെ വിവാഹത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്.
വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു കവർച്ച. ഭാര്യയും മകളുമടക്കം ഓണത്തിരക്ക് കാരണം ഷക്കീറും കുടുംബവും കടയിലായിരുന്നു.
വൈകിട്ട് അഞ്ച് മണിക്കും പുലർച്ചെ ഒന്നരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. ഓണത്തിരക്കിനുശേഷം പുലർച്ചെ ഷക്കീർ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പണം നഷ്ടപ്പെട്ടതായി നിലവിൽ വിവരം ലഭിച്ചിട്ടില്ല.
വൈകിട്ട് ഏഴുമണിയോടെ രണ്ട് പേർ വീടിന് സമീപം നിൽക്കുന്നത് കണ്ടിരുന്നതായി പരിസരവാസികൾ പൊലീസിനെ അറിയിച്ചു. വീടിന് സമീപത്ത് ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പിയും ഉപേക്ഷിച്ച നിലയിലും കണ്ടെത്തി.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മോഷ്ടാക്കൾ എത്തിയതും മടങ്ങിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്.
