തിരുവനന്തപുരം: വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയ അമ്മമാർക്ക് സ്നേഹവും കരുതലുമായി ഐഎഎസ്–ഐപിഎസ് ദമ്പതികൾ. തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അമ്മമാർക്കൊപ്പം ഓണാഘോഷത്തിൽ പങ്കുചേർന്ന കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യവും ഭാര്യയും ഇൻ്റലിജൻസ് ഐജിയുമായ ആർ. നിശാന്തിനിയും ഓണസദ്യ വിളമ്പുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു.
നാളുകളായി തങ്ങൾ ഒറ്റപ്പെട്ടുപോയെന്ന് സ്വയം പറയുന്ന അമ്മമാർക്കൊപ്പം ഒരുപകൽ കുടുംബസമേതം ചെലവഴിച്ചാണ് ദമ്പതികൾ സ്നേഹം പങ്കുവെച്ചത്. ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ അമ്മമാർക്കൊപ്പം ഭക്ഷണം കഴിച്ചും അവരെ ചേർത്തുപിടിച്ചും ഇരുവരും കരുതലിന്റെ സന്ദേശം പകർന്നു.
നാക്കിലയിൽ ഓണസദ്യ വിളമ്പി അമ്മമാർക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. കെയർ ഹോമിലെ അമ്മമാർക്ക് എം.ജി. രാജമാണിക്യവും ആർ. നിശാന്തിനിയും ചേർന്ന് ഓണക്കോടിയും കൈമാറി.
തിരുവനന്തപുരത്തെ ക്യാമറാമാൻമാരുടെ സ്നേഹ കൂട്ടായ്മയാണ് ‘അമ്മയോണം’ സംഘടിപ്പിച്ചത്. സ്നേഹവും വാത്സല്യവും പകരുന്ന ഈ ഓണാഘോഷം കെയർ ഹോമിലെ അമ്മമാർക്ക് വേറിട്ട അനുഭവമായി.
