Home Keralaമാണി സി. കാപ്പൻ രാജിവെക്കണം; കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കും ലീഗിനും വിമർശനവുമായി ഷോൺ ജോർജ്

മാണി സി. കാപ്പൻ രാജിവെക്കണം; കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കും ലീഗിനും വിമർശനവുമായി ഷോൺ ജോർജ്

by news_desk1
0 comments

കൊച്ചി: മാണി സി. കാപ്പനെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മാണി സി. കാപ്പൻ രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ആവശ്യപ്പെട്ടു. നിയമപരമായി രാജി ആവശ്യപ്പെടുന്നില്ലെങ്കിലും, മുൻകാലങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സമാന സാഹചര്യങ്ങളിൽ രാജി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധാർമികമായി ഇനി എന്ത് ചെയ്യണമെന്ന് മാണി സി. കാപ്പൻ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ഷോൺ ജോർജ് വ്യക്തമാക്കി.

അർജൻ്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ തോതിലുള്ള ജി.എസ്.ടി തട്ടിപ്പും നികുതി വെട്ടിപ്പും നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള കേസ് അന്വേഷിക്കുന്നതിന് നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന് പരിമിതികളുണ്ടെന്നും, വിഷയത്തിൽ മുഖ്യമന്ത്രിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ കേസ് കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാന്തപുരം വിവാദവുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കൾ നടത്തിയ പ്രസ്താവനകളെ മുഖ്യമന്ത്രി വളരെ വൈകിയാണ് തള്ളിപ്പറഞ്ഞതെന്നും ഷോൺ ജോർജ് വിമർശിച്ചു. ‘മതമാണ് പ്രശ്നം’ എന്ന് പ്രസ്താവന നടത്തിയയാളെ വരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരത്തെ പണ്ഡിതനായി കാണുന്ന പാണക്കാട് സാദിഖലി തങ്ങൾ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ലവ് ജിഹാദ് പരാമർശം നടത്തിയപ്പോൾ അതിനെ തള്ളിപ്പറയുകയായിരുന്നുവെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി. കല്ലറങ്ങാട്ട് പിതാവ് പണ്ഡിതനല്ലേയെന്നും, വിഷയത്തിൽ ലീഗിന്റെ ഇരട്ടത്താപ്പിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായമെന്താണെന്നും അദ്ദേഹം ചോദിച്ചു.

നാട്ടിലെ പെൺകുട്ടികളുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കാൻ ബി.ജെ.പി മുന്നിലുണ്ടാകുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

You may also like