ജയിലിനേക്കാൾ ദയനീയം, ഹൊറർ സിനിമയുടെ പശ്ചാത്തലം; മാനസികാരോഗ്യ കേന്ദ്രങ്ങളിലെ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണം
സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് ‘ഹാപ്പിനെസ് ആൻഡ് വെൽനെസ് സെന്റർ’ എന്നാക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ‘ഭ്രാന്താശുപത്രി’ എന്ന അപമാനകരമായ പ്രയോഗത്തിൽനിന്ന് സമൂഹം മാറി മാനസികാരോഗ്യത്തെ മനുഷ്യന്റെ ക്ഷേമവുമായി ബന്ധപ്പെടുത്തി കാണുന്നതിന്റെ പ്രതീകമാകാം ഈ പേരുമാറ്റം. പക്ഷേ, പേരുമാറ്റം കൊണ്ട് മാത്രം അവിടെയുള്ള മനുഷ്യരുടെ ജീവിതം മാറില്ല. അതിന് ഏറ്റവും വലിയ തെളിവാണ് മാനസികാരോഗ്യ കേന്ദ്രങ്ങളെക്കുറിച്ചുള്ള ഹൈക്കോടതിയുടെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. ജഡ്ജിമാർ നേരിട്ട് നടത്തിയ പരിശോധനയ്ക്കുശേഷം കോടതിയുടെ മുന്നിലെത്തിയത് ഒരു ആശുപത്രിയുടെ ചിത്രമല്ല; മനുഷ്യരെ മറച്ചുവെച്ചിരിക്കുന്ന തടങ്കൽ കേന്ദ്രങ്ങളുടെ ചിത്രമാണ്. തൃശൂർ കേന്ദ്രത്തിലെ അവസ്ഥയെ ഹൊറർ സിനിമയിലെ രംഗത്തോട് ഉപമിച്ച കോടതി, ചില സെല്ലുകൾ ജയിൽ മുറികളേക്കാൾ ദയനീയമാണെന്നും ചൂണ്ടിക്കാട്ടി. ഇരുണ്ടതും വായുസഞ്ചാരമില്ലാത്തതുമായ ചെറിയ മുറികൾ, ചുവരുകളിൽ പായലും ഇളകിയ പെയിന്റും, അടിസ്ഥാന സ്വകാര്യത പോലും ഇല്ലാത്ത സാഹചര്യങ്ങൾ- രോഗികൾക്ക് ചികിത്സയും പരിചരണവും ലഭിക്കേണ്ട ഇടം എങ്ങനെ ഇത്തരമൊരു അവസ്ഥയിലെത്തി എന്ന ചോദ്യം സമൂഹത്തോടാണ് കോടതി ഉന്നയിച്ചത്. അതിലും ഗുരുതരമാണ് മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുള്ള കോടതിയുടെ രൂക്ഷമായ നിരീക്ഷണം. പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന ആസൂത്രിത അനാസ്ഥയുടെ ഫലമാണ് ഈ ദുരവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി. രോഗികൾക്ക് ശബ്ദമില്ല; സാമൂഹിക അപമാനത്തിന്റെ ഭയം കാരണം അവരുടെ ബന്ധുക്കൾക്കും പലപ്പോഴും പ്രതികരിക്കാൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.
‘സൗകര്യങ്ങളില്ല‘ എന്നത് മനുഷ്യനെ സെല്ലിൽ അടയ്ക്കാനുള്ള ന്യായമല്ല. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി രോഗികളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരുമാസം മുമ്പ് ജഡ്ജിമാർ നേരിട്ട് സന്ദർശിച്ച് അടിയന്തര പരിഹാരങ്ങൾ നിർദേശിച്ചിട്ടും താഴെത്തട്ടിൽ കാര്യമായ മാറ്റമുണ്ടാകാത്തതിലും കോടതി അതൃപ്തി രേഖപ്പെടുത്തുന്നു. രോഗികളെ മരുന്ന് നൽകി ഉറക്കിക്കിടത്തുക എന്നതല്ല ചികിത്സ. അവർക്ക് പുറത്തേക്ക് ഇറങ്ങണം, വെളിച്ചം കാണണം, വായു ശ്വസിക്കണം, മനുഷ്യരായി ജീവിക്കണം. മാനസികാരോഗ്യ ചികിത്സയുടെ കേന്ദ്രബിന്ദു രോഗിയെ അടച്ചിടലല്ല; അയാളുടെ മാനസിക ക്ഷേമവും ആത്മാഭിമാനവും വീണ്ടെടുക്കലാണ്.
ഇവിടെ പേരുമാറ്റത്തിന്റെ യഥാർഥ അർഥം തുടങ്ങേണ്ടത്. ‘ഹാപ്പിനെസ്’ എന്ന വാക്ക് ബോർഡിൽ എഴുതുന്നതിന് മുമ്പ് അത് രോഗിയുടെ ജീവിതത്തിൽ എഴുതപ്പെടണം. വൃത്തിയുള്ള വാർഡുകളിലും സുരക്ഷിതമായ മുറികളിലും മതിയായ ചികിത്സയിലും കരുതലുള്ള പരിചരണത്തിലുമാണ് ആ സന്തോഷം ഉണ്ടാകേണ്ടത്. ഹൈക്കോടതി ചൂണ്ടിക്കാട്ടിയ തിങ്ങിനിറഞ്ഞ വാർഡുകൾ, വൃത്തിഹീനമായ ശുചിമുറികൾ, ജീവനക്കാരുടെ കുറവ്, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ അടിയന്തരമായി പരിഹരിക്കണം. ഡോക്ടർമാരും നഴ്സുമാരും ആത്മാർഥമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും സംവിധാനത്തിന്റെ പരിമിതികൾ അവരുടെ സേവനത്തെ നിസ്സഹായമാക്കുന്ന അവസ്ഥ അംഗീകരിക്കാനാവില്ല. മാത്രമല്ല, മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കാൻ സോഷ്യൽ ഓഡിറ്റിങ്ങും മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനവും പരിഗണിക്കണമെന്ന ഹൈക്കോടതി നിലപാടും ഗൗരവത്തോടെ കാണണം. രോഗികളുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിച്ചുകൊണ്ടുതന്നെ അടച്ചിട്ട സംവിധാനത്തിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് സമൂഹത്തിന് അറിയാനുള്ള അവകാശമുണ്ട്. ഒഴിഞ്ഞുകിടക്കുന്ന സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൗൺസിലർ, നഴ്സ് തസ്തികകളിൽ അടിയന്തര നിയമനം വേണം. ആവശ്യമായ മരുന്നുകൾ ഉറപ്പാക്കണം. അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കണം. താലൂക്ക് തലത്തിൽ കൗൺസിലിങ് സംവിധാനങ്ങൾ വ്യാപിപ്പിക്കണം. ഹൈക്കോടതി നിർദേശിച്ച പരിഷ്‌കാരങ്ങൾക്ക് സമയപരിധി നിശ്ചയിച്ച് സർക്കാർ പ്രവർത്തനപദ്ധതി പ്രഖ്യാപിക്കണം. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവർ സമൂഹത്തിന്റെ മറന്നുപോയ മനുഷ്യരല്ല; നമ്മുടെ തന്നെ അച്ഛനും അമ്മയും സഹോദരനും മക്കളുമാണ്. അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് കരുണകൊണ്ടല്ല, ഭരണഘടന ഉറപ്പുനൽകുന്ന മനുഷ്യാവകാശത്തിന്റെ പേരിലാണ്. പുതിയ ബോർഡിൽ ‘ഹാപ്പിനെസ്’ എന്ന് എഴുതാം. പക്ഷേ അതിന്റെ താഴെ ഇരുട്ടിൽ കഴിയുന്ന മനുഷ്യരുടെ നിലവിളി തുടരുകയാണെങ്കിൽ ആ പേരുമാറ്റം ചരിത്രത്തോട് ചെയ്യുന്ന മറ്റൊരു ക്രൂര തമാശയായിരിക്കും. പേര് മാറട്ടെ. അതിനൊപ്പം ആശുപത്രിയും മാറണം. ബോർഡ് മാറട്ടെ. അതിനൊപ്പം സമീപനവും മാറണം. ഏറ്റവും പ്രധാനമായി- അവിടെ കഴിയുന്ന മനുഷ്യരുടെ ജീവിതം മാറണം. അപ്പോഴേ ‘ഹാപ്പിനെസ് ആൻഡ് വെൽനെസ് സെന്റർ’ എന്ന പേര് ഒരു സർക്കാർ ഉത്തരവിലെ വാക്കല്ലാതെ, ചികിത്സ തേടിയെത്തുന്ന ഓരോ മനുഷ്യന്റെയും ജീവിതത്തിലെ യാഥാർഥ്യമാകൂ.
