Home Nationalഭക്ഷണമുണ്ടാക്കാത്തതിനെച്ചൊല്ലി തർക്കം; ഡാൻസ് ക്ലാസിന് പോകാനൊരുങ്ങിയ ഭാര്യ ഭർത്താവിന്റെ മർദനമേറ്റ് മരിച്ചു

ഭക്ഷണമുണ്ടാക്കാത്തതിനെച്ചൊല്ലി തർക്കം; ഡാൻസ് ക്ലാസിന് പോകാനൊരുങ്ങിയ ഭാര്യ ഭർത്താവിന്റെ മർദനമേറ്റ് മരിച്ചു

by news_desk1
0 comments

നാഗ്പുർ: മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുരിൽ താമസിക്കുന്ന യാമിനി കൃഷ്ണ ലാൽ യാദവ് (38) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് കൃഷ്ണലാൽ യാദവ് (41)നെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

ഭക്ഷണമുണ്ടാക്കാതെ ഡാൻസ് ക്ലാസിന് പോകാൻ ഒരുങ്ങിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് മദ്യലഹരിയിൽ വീട്ടിലെത്തിയ കൃഷ്ണലാൽ ഭാര്യയോട് ഭക്ഷണം ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, യാമിനി ഡാൻസ് ക്ലാസിന് പോകാൻ തയ്യാറെടുക്കുകയായിരുന്നു. അതിനാൽ ഇപ്പോൾ ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് യാമിനി പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമായി.

തർക്കത്തിനിടെ കൃഷ്ണലാൽ യാമിനിയുടെ കഴുത്തിലും വയറ്റിലുമടക്കം മർദിച്ചു. രണ്ട് കുട്ടികളുടെ മുന്നിൽവെച്ചായിരുന്നു മർദനം. സംഭവത്തിന് പിന്നാലെ കഠിനമായ വേദന അനുഭവപ്പെടുന്നതായി യാമിനി ഭർത്താവിനോട് പറഞ്ഞു. തുടർന്ന് മരുന്ന് വാങ്ങാനായി കൃഷ്ണലാൽ മെഡിക്കൽ ഷോപ്പിലേക്ക് പോയെങ്കിലും കട അടച്ചിരുന്നതിനാൽ മരുന്ന് ലഭിച്ചില്ല.

പിന്നീട് യാമിനിയുടെ ആരോഗ്യനില വഷളാകുകയും മർദനമേറ്റ ഭാഗങ്ങളിൽ വീർപ്പുണ്ടാകുകയും ചെയ്തു. ഇതോടെയാണ് കൃഷ്ണലാൽ യാമിനിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ചികിത്സയിലിരിക്കെ യാമിനി മരിച്ചു.

അപകടത്തിൽ പരിക്കേറ്റെന്നാണ് പ്രതി ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മർദനമേറ്റതിന്റെ തെളിവുകൾ കണ്ടെത്തിയത്. ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതായും കഴുത്ത് ഞെരിക്കാൻ ശ്രമിച്ചതായും പരിശോധനയിൽ കണ്ടെത്തി.

തുടർന്ന് പൊലീസ് കൃഷ്ണലാലിനെ ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. ഇതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

യാമിനിയും കൃഷ്ണലാലും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നെന്ന് യാമിനിയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. സഹോദരി ഇക്കാര്യം പറയുമ്പോൾ വിഷയത്തിൽ ഇടപെടാമെന്ന് താൻ അറിയിച്ചിരുന്നു. എന്നാൽ ഇത് കുടുംബപ്രശ്നമാണെന്നും താൻ ഇടപെട്ടാൽ വിഷയം കൂടുതൽ വഷളാകുമെന്നും യാമിനി പറഞ്ഞിരുന്നു. അതിനാലാണ് ഇവരുടെ പ്രശ്നങ്ങളിൽ ഇടപെടാതിരുന്നതെന്നും സഹോദരൻ പറഞ്ഞു.

You may also like