തൃശ്ശൂർ: കൈപ്പമംഗലത്ത് എട്ട് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ദേശീയപാതയിൽ സുരക്ഷാ പരിശോധന നടത്തും. ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പ്രോജക്ട് ഡയറക്ടർമാർ, പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. ദേശീയപാതകളിലെ സുരക്ഷാ സംവിധാനങ്ങൾ, ട്രാഫിക് ക്രമീകരണങ്ങൾ, മുന്നറിയിപ്പ് ബോർഡുകൾ, ബാരിക്കേഡുകൾ എന്നിവ സംഘം പരിശോധിക്കും.
മതിയായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും അനധികൃത പാർക്കിങ്ങുമാണ് അപകടത്തിന് കാരണമായതെന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ അപകടത്തിൽ തങ്ങൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് എൻഎച്ച്എഐ വ്യക്തമാക്കി. അപകടസ്ഥലത്ത് മതിയായ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും നേരത്തേ സ്ഥാപിച്ചിരുന്നതായി എൻഎച്ച്എഐ അറിയിച്ചു. ഗതാഗതം വഴിതിരിച്ചുവിടുന്ന സ്ഥലത്തിന് 500, 250, 50 മീറ്റർ മുമ്പായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ബാരിക്കേഡുകൾ, ട്രാഫിക് കോണുകൾ, പ്രതിഫലന അടയാളങ്ങൾ, നിർമാണ മേഖലയ്ക്ക് സമീപം മുന്നറിയിപ്പ് ലൈറ്റുകൾ എന്നിവയും ഒരുക്കിയിരുന്നു.
വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് കൈപ്പമംഗലം പനമ്പിക്കുന്നിന് സമീപം, മൂന്നുപീടിക ബൈപ്പാസിന്റെ തുടക്കത്തിനടുത്ത് എൻഎച്ച്-66ൽ അപകടമുണ്ടായത്. അപകടത്തിന് തൊട്ടുമുമ്പ് വാഹനം അമിതവേഗത്തിലായിരുന്നെന്നും ഇടിയുടെ തൊട്ടുമുമ്പ് അതിവേഗ ഗതാഗതത്തിനുള്ള പാതയിൽ ട്രക്ക് അനധികൃതമായി പാർക്ക് ചെയ്തിരുന്നെന്നും പ്രാഥമിക സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നതായി എൻഎച്ച്എഐ വ്യക്തമാക്കി.
ലോക്കൽ പോലീസിൽനിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എൻഎച്ച്എഐയുടെ പ്രോജക്ട് സംഘം സ്ഥലത്തെത്തി അധിക സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുകയും കൂടുതൽ ശക്തമായ ബാരിക്കേഡിങ് ഏർപ്പെടുത്തുകയും ചെയ്തു. അപകടത്തിന്റെ കൃത്യമായ കാരണവും മറ്റ് സാഹചര്യങ്ങളും സംബന്ധിച്ച അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും എൻഎച്ച്എഐ അറിയിച്ചു.
