കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളേജ് മോർഫിങ് കേസിൽ അറസ്റ്റിലായ കോളേജ് വിദ്യാർഥി സനീഷ് ചിത്രങ്ങൾ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതിയായ ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ ഉപയോഗിച്ചാണ് സനീഷ് പണം സമ്പാദിച്ചതെന്നാണ് കണ്ടെത്തിയത്.
പണം സ്വീകരിക്കുന്നതിനായി വ്യക്തികൾക്ക് സനീഷ് ക്യുആർ കോഡ് അയച്ചുനൽകിയിരുന്നതായി ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് വ്യക്തമായി. സനീഷും ശ്രീഹരിയും തമ്മിൽ നേരിട്ട് പരിചയമില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ ഇരുവരും ഒരേ മാസ് ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു.
ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ അവിടെനിന്ന് ശേഖരിച്ച സനീഷ് മറ്റൊരു ഗ്രൂപ്പ് രൂപീകരിച്ചു. ഈ ക്ലോസ്ഡ് ഗ്രൂപ്പിൽ പ്രവേശിക്കുന്നതിനും സനീഷ് പണം ഈടാക്കിയിരുന്നു. ആലപ്പുഴ കുറത്തികാട് സ്വദേശിയായ സനീഷ് മാവേലിക്കരയിലെ കോളജിൽ ബികോം വിദ്യാർഥിയാണ്.
കൂടുതൽ ദൃശ്യങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഗ്രൂപ്പ് അംഗങ്ങളിൽനിന്ന് സനീഷ് പണം വാങ്ങിയതിന്റെയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വലിയ ടെലിഗ്രാം ഗ്രൂപ്പുകളിൽനിന്ന് പ്രത്യേക താൽപര്യമുള്ളവരെ കണ്ടെത്തി ചെറിയ സ്വകാര്യ ഗ്രൂപ്പുകൾ രൂപീകരിക്കുകയും പണം അയയ്ക്കുന്നതിനുള്ള ക്യുആർ കോഡുകൾ പങ്കുവയ്ക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ പ്രവർത്തന രീതി. ടെലഗ്രാം ഗ്രൂപ്പിന്റെ അഡ്മിനായും സനീഷ് പ്രവർത്തിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
അതേസമയം, പ്രതി ശ്രീഹരി ചിത്രങ്ങൾ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 18 മുതൽ 21 വരെ പ്രായമുള്ളവരാണ് ഇത്തരത്തിൽ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ടെലഗ്രാമിന്റെ സുരക്ഷാ സംവിധാനത്തിന് പിന്നിൽ തങ്ങളുടെ പ്രവർത്തനങ്ങൾ മറച്ചുവയ്ക്കാനാകുമെന്നും പിടിക്കപ്പെടില്ലെന്നുമുള്ള ധാരണയിലാണ് വിദ്യാർഥികൾ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതെന്നും പൊലീസ് വിശദീകരിച്ചു.
ശ്രീഹരിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയായ മലപ്പുറം സ്വദേശിക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് വിവരം.
